/kalakaumudi/media/media_files/2025/11/02/trump-2025-11-02-17-08-45.jpg)
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്ത്. വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പുതിയ വെല്ലുവിളി തൊടുത്തത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന തീരുവ ഇനിയും കൂട്ടുമെന്നാണ് മുന്നറിയിപ്പ്.
''എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്. ഞാന്‍ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം. ഇനിയും അവര്‍ റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ഉടനടി തീരുവ കൂട്ടാന്‍ ഞങ്ങള്‍ക്ക് പറ്റും'' - ട്രംപ് പറഞ്ഞു.
നിലവില്‍തന്നെ, റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ 25% പിഴച്ചുങ്കം ഉള്‍പ്പെടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50% തീരുവയാണ് അമേരിക്ക ഈടാക്കുന്നത്. ലോകത്ത് ട്രംപ് ഏറ്റവുമധികം തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ. അമേരിക്കയുമായി വ്യാപാരക്കരാറിലെത്താനും അതുവഴി തീരുവയില്‍ ഇളവ് നേടാനും ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെല്ലുവിളിച്ച് രംഗത്തെത്തിയത്.
ഇതിനിടെ, വെനസ്വേലന്‍ എണ്ണ വിപണിയെ ഇനി അമേരിക്ക നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഊര്‍ജദാതാക്കള്‍ ആയി മാറുകയാണ് അമേരിക്കയുടെ ലക്ഷ്യം. വെനസ്വേലയുടെ എണ്ണ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടുതലായി യുഎസ് വിറ്റഴിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നിലവില്‍ ഷെവ്‌റോണ്‍ എന്ന യുഎസ് എണ്ണക്കമ്പനിയുടെ കൈവശമാണ് വെനസ്വേലന്‍ എണ്ണവിപണിയുടെ 20-25 ശതമാനം. കൂടുതല്‍ യുഎസ് കമ്പനികള്‍ ഇനി വെനസ്വേലയിലെത്തും. ഇവ ബില്യന്‍ കണക്കിന് ഡോളറിന്റെ നിക്ഷേപവും വെനസ്വേലയില്‍ നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
വെനസ്വേല നേട്ടമാക്കാന്‍ ഇന്ത്യ
ട്രംപിന്റെ പുതിയ ഭീഷണിക്കെതിരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം, വെനസ്വേലന്‍ എണ്ണവിപണി യുഎസിന്റെ നിയന്ത്രണത്തിലാകുന്നത് ഇന്ത്യയ്ക്ക് നേട്ടമായേക്കും. ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ വിദേശ പ്രവര്‍ത്തനവിഭാഗമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡിന് (ഒവിഎല്‍) വെനസ്വേലയിലെ സാന്‍ ക്രിസ്റ്റോബല്‍ ഓയില്‍ ഫീല്‍ഡില്‍ സംയുക്ത സംരംഭമുണ്ടായിരുന്നു.
40 ശതമാനമായിരുന്നു പദ്ധതിയില്‍ ഒഎന്‍ജിസി വിദേശിന്റെ ഓഹരിപങ്കാളിത്തം. ഇതിന്മേല്‍ കമ്പനിക്ക് 53.6 കോടി ഡോളറിന്റെ ലാഭവിഹിതം കിട്ടാനുണ്ടായിരുന്നത് വെനസ്വേല ഇതുവരെ നല്‍കിയിട്ടില്ല. ഇതിപ്പോള്‍ പലിശസഹിതം ഒരു ബില്യന്‍ ഡോളര്‍ (100 കോടി ഡോളര്‍) കടന്നിട്ടുണ്ട്. വെനസ്വേലയില്‍ നിന്ന് കമ്പനി നടത്തിയിരുന്ന കയറ്റുമതിയും നിലച്ചിരുന്നു.
വെനസ്വേലയുടെ നിയന്ത്രണം യുഎസിന് കിട്ടുന്നതോടെ ഈ തുക തിരികെച്ചോദിക്കാനും കയറ്റുമതി പുനരാരംഭിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യ, മരുന്ന് കമ്പനികളായ സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, സ്റ്റീല്‍ രംഗത്തെ ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും വെനസ്വേലയില്‍ നേരിട്ടോ പരോക്ഷമായോ സാന്നിധ്യമുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി എന്നിവ വെനസ്വേലന്‍ ക്രൂഡ് ഓയില്‍ നേരത്തേ വാങ്ങുകയും ചെയ്തിരുന്നു. അതേസമയം, വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് വെനസ്വേല വലിയ വിപണിയല്ല. 2024-25ല്‍ വെറും 36.45 കോടി ഡോളറിന്റേതായിരുന്നു വെനസ്വേലയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി. ഇതില്‍ 25.5 കോടിയും ക്രൂഡ് ഓയില്‍. ഇന്ത്യയില്‍ നിന്ന് വെനസ്വേലയിലേക്കുള്ള കയറ്റുമതി 9.53 കോടി ഡോളര്‍ മാത്രം. ഇതില്‍ 4.15 കോടിയും മരുന്നുകള്‍.
അതുകൊണ്ടുതന്നെ, വെനസ്വേലന്‍ പ്രതിസന്ധി ഇന്ത്യയെ സാരമായി ബാധിക്കില്ല. എന്നാല്‍, ഈ പ്രതിസന്ധി ആഗോള എണ്ണ, സ്വര്‍ണം വിലകളില്‍ സൃഷ്ടിക്കുന്ന കുതിപ്പും രാജ്യാന്തര സമ്പദ്‌മേഖലയില്‍ ഉണ്ടായേക്കാവുന്ന അസ്വസ്ഥതകളും ഇന്ത്യയെ സ്വാധീനിച്ചേക്കും.
കുതിച്ചുകയറാന്‍ ഇന്ത്യന്‍ വിപണി
വെനസ്വേലന്‍ പ്രതിസന്ധി ഓഹരി വിപണികളെ ഉലയ്ക്കില്ലെന്നാണ് പ്രാഥമിക സൂചനകള്‍. യുഎസില്‍ ഫ്യൂച്ചേഴ്‌സ് വിപണിയില്‍ ഡൗ, എസ് ആന്‍ഡ് പി, നാസ്ഡാക് എന്നിവ 0.3% വരെ ഉയര്‍ന്നു. ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ് 2.26% കയറി. ദക്ഷിണ കൊറിയയുടെ കോസ്പിയുടെ നേട്ടം 1.42%; സൂചിക റെക്കോര്‍ഡും കുറിച്ചു.
ഹോങ്കോങ്, ഷാങ്ഹായ്, യൂറോപ്യന്‍ വിപണികളും പച്ചപ്പിന്റെ പ്രതീക്ഷയിലാണ്. ഇന്ത്യയില്‍ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 70 പോയിന്റ് ഉയര്‍ന്നത് സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും നേട്ടക്കുതിപ്പ് തുടരുമെന്ന സൂചന നല്‍കുന്നു. കഴിഞ്ഞ സെഷനില്‍ സെന്‍സെക്‌സ് 575 പോയിന്റും (+0.67%) നിഫ്റ്റി 182 പോയിന്റും (+0.70%) ഉയര്‍ന്നിരുന്നു. നിഫ്റ്റി 26,320ന് മുകളിലുമെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
