ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയിയെ ഇന്ത്യക്ക് കൈമാറി യുഎസ്

അന്താരാഷ്ട്ര ബന്ധമുള്ള ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തില്‍ ഒരു നിര്‍ണായക നടപടിയാണ് ഇപ്പോള്‍ യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

author-image
Biju
New Update
laurance

ന്യൂഡല്‍ഹി : ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയിയെ അമേരിക്ക ഇന്ത്യക്ക് കൈമാറി. അടുത്തകാലത്ത് നടന്ന എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സിദ്ധു മൂസ്വാല കൊലപാതകം, നടന്‍ സല്‍മാന്‍ ഖാന്റെ വീട് ആക്രമിക്കാനുള്ള ഗൂഢാലോചന എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍മോള്‍ ബിഷ്ണോയി. അന്താരാഷ്ട്ര ബന്ധമുള്ള ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തില്‍ ഒരു നിര്‍ണായക നടപടിയാണ് ഇപ്പോള്‍ യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

2022 മെയ് മാസത്തില്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയുടെ കൊലപാതകം,
2024 ഏപ്രിലില്‍ നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് നടത്തിയ വെടിവെപ്പ് ,
2024 ഒക്ടോബറില്‍ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്‍മോളിനെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

മഹാരാഷ്ട്ര കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടും ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസും അനുസരിച്ച് ആണ് ഇന്ത്യ അന്‍മോള്‍ ബിഷ്ണോയിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി അന്‍മോള്‍ ബിഷ്ണോയിയെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.