/kalakaumudi/media/media_files/2026/02/03/modhi-tru-2026-02-03-11-57-06.jpg)
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ പേരിൽ പ്രസിഡന്റ് ട്രംപിന് വലിയ നന്ദിയെന്ന് മോദി കുറിച്ചു.
'' രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്.
സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഇന്ത്യ- യുഎസ് പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ട്രംപിനൊപ്പം അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു''. മോദി സമൂഹമാധ്യമത്തിൽ കുറിച്ചു
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നത് അടക്കമുള്ള ട്രംപിന്റെ മറ്റ് വെളിപ്പെടുത്തലുകളോട് മോദി പ്രതികരിച്ചിട്ടില്ല.ഇന്ത്യ- യുഎസ് കരാർ പ്രകാരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും കൂടാതെ 500 ബില്യൺ ഡോളറിന്റെ യുഎസ് ഊർജ്ജവും സാങ്കേതികവിദ്യയും വാങ്ങുമെന്നുമാണ് ട്രംപ് പറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽ നിന്നും 18 ശതമാനമായിട്ടാണ് കുറയ്ക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
