റഷ്യന്‍ എണ്ണ ഇറക്കുമതി; നിരീക്ഷിക്കാന്‍ അമേരിക്കന്‍ സമിതി

ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് ഈ സമിതി പരിശോധിക്കും. ഇതിനായി, യുഎസ് വാണിജ്യ, ട്രഷറി, ആഭ്യന്തര സെക്രട്ടറിമാര്‍ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും

author-image
Biju
New Update
trump

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ ഇറക്കുമതി നിരീക്ഷിക്കാനുള്ള അമേരിക്കയുടെ പ്രത്യേക സമിതിക്ക് ഇന്ത്യ വഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശനിയാഴ്ച പുറത്തുവിട്ട എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഉന്നതതല സമിതിയായിരിക്കും ഇന്ത്യയുടെ എണ്ണ ഇറക്കുമതി നിരീക്ഷിക്കുക. 

ഇന്ത്യ നേരിട്ടോ പരോക്ഷമായോ  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് ഈ സമിതി പരിശോധിക്കും. ഇതിനായി, യുഎസ് വാണിജ്യ, ട്രഷറി, ആഭ്യന്തര സെക്രട്ടറിമാര്‍ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്നും പകരം അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 

റഷ്യയില്‍നിന്നുള്ള ഇറക്കുമതി വീണ്ടും തുടങ്ങിയാല്‍ ഇന്ത്യയുടെ മേല്‍ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണി ട്രംപിന്റെ ഉത്തരവില്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ 50 ശതമാനം വരെയായിരുന്ന അധിക നികുതി 18 ശതമാനമായി കുറയ്ക്കുന്നതിന് പകരമായാണ് ഇന്ത്യ ഈ നിബന്ധനകള്‍ അംഗീകരിച്ചതെന്നാണ് യുഎസ് വാദം.

കൂടാതെ, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 500 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്നും ഇത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. 

കരാര്‍ നടപ്പിലാക്കിയാല്‍ ദീര്‍ഘകാലമായുള്ള ഇന്ത്യ-റഷ്യ പ്രതിരോധ-തന്ത്രപ്രധാന ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. റഷ്യ- യുക്രൈന്‍ യുദ്ധസമയത്ത് ആഗോള ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങിയത് സഹായിച്ചിരുന്നുവെങ്കിലും, ഇത് സ്വകാര്യ കുത്തക  കമ്പനികള്‍ക്കാണ് ഗുണകരമായതെന്നായിരുന്നു അമേരിക്കയുടെ ആദ്യഘട്ടത്തിലെ ആരോപണം. 

അതിനിടെ കാര്‍ഷിക മേഖലയിലും ഇന്ത്യ വിട്ടുവീഴ്ചകള്‍ ചെയ്തതായി അമേരിക്കന്‍ വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഴങ്ങള്‍, നട്‌സുകള്‍ എന്നിവയ്ക്കായി ഇന്ത്യ വിപണി തുറന്നുകൊടുത്തതായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം കരാര്‍ നടപ്പിലാക്കുകവഴി കാര്‍ഷിക-ക്ഷീര മേഖലകളെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ശനിയാഴ്ച രാവിലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.