/kalakaumudi/media/media_files/2025/12/03/yogi-2025-12-03-15-18-21.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ ആളോഹരി വരുമാനം (പെര്‍ ക്യാപിറ്റ ഇന്‍കം) കഴിഞ്ഞ 8 വര്‍ഷത്തിനിടെ വളര്‍ന്നത് ഇരട്ടിയിലധികം. 2017ല്‍ 45,000-50,000 രൂപനിരക്കിലായിരുന്ന പെര്‍ ക്യാപിറ്റ വരുമാനം 2025ല്‍ 1.2 ലക്ഷം രൂപയിലെത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖ്യ ഉപദേഷ്ടാവ് അവനീഷ് അവസ്ഥി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിയുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിനൊപ്പം ഉത്തര്‍പ്രദേശും മുന്നേറുകയാണ്. 2047ഓടെ ഇന്ത്യയെ 30 ട്രില്യന്‍ ഡോളര്‍ സമ്പദ്ശക്തിയാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഉത്തര്‍പ്രദേശ് 6 ട്രില്യനിലേക്കുള്ള മുന്നേറ്റത്തിലാണെന്നും മോദിയുടെ സ്വപ്നത്തിന്റെ അഞ്ചിലൊന്ന് പങ്കുവഹിക്കുക ഉത്തര്‍പ്രദേശ് ആയിരിക്കുമെന്നും അവസ്ഥി പറഞ്ഞു.
ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ശരാശരി വളര്‍ച്ചനിരക്ക് (നോമിനല്‍ ജിഡിപി വളര്‍ച്ചനിരക്ക്) ഏതാണ്ട് 15 ശതമാനമാണ്. ഇത് 20 ശതമാനമെങ്കിലുമാക്കുകയാണ് ലക്ഷ്യം. അയോധ്യയുടെ കരുത്തില്‍ ടൂറിസം മേഖല ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ കരുത്തായിട്ടുണ്ട്. നടപ്പുവര്‍ഷം ആകെ 100 കോടി വിനോദ സഞ്ചാരികളെയാണ് ഉത്തര്‍പ്രദേശ് പ്രതീക്ഷിക്കുന്നതും.
അതേസമയം, ടൂറിസത്തിന് പുറമേ മറ്റ് തന്ത്രപ്രധാന മേഖലകളിലും ശക്തിതെളിയിക്കാനാണ് സംസ്ഥാനത്തിന്റെ പരിശ്രമം. ഐടി, മാനുഫാക്ചറിങ് മേഖലകളില്‍ ഇതിനായി കൂടുതല്‍ ശ്രദ്ധയൂന്നുമെന്നും അവനീഷ് അവസ്ഥി പറഞ്ഞു.
സംസ്ഥാനത്ത് ഐഫോണ്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌കോണും ഐടി കമ്പനിയായ എച്ച്‌സിഎല്ലും ചേര്‍ന്നുള്ള സെമികണ്ടക്ടര്‍ ഫാക്ടറിക്ക് ക്യാബിനറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിന്റെ ബജറ്റ് 8 ലക്ഷം കോടി രൂപയുടേതാണെന്നും ഇത് രാജ്യത്തെ ഏറ്റവും വലുതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏതാണ്ട് 60,000 കോടി രൂപയുടെ മിച്ച ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്റെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയെ 2029ഓടെ ഒരു ട്രില്യന്‍ ഡോളര്‍ അഥവാ 89 ലക്ഷം കോടി രൂപ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും യോഗി സര്‍ക്കാര്‍ ഉന്നമിടുന്നുണ്ട്. ഇതില്‍ മുഖ്യപങ്കുവഹിക്കുക അയോധ്യയായിരിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ ജിഡിപിയില്‍ 1.5 ശതമാനമാണ് അയോധ്യയുടെ സംഭാവന. വരുംവര്‍ഷങ്ങളില്‍ ഇത് കുത്തനെ കൂടുമെന്നാണ് വിലയിരുത്തല്‍.
അയോധ്യ: ടൂറിസത്തിന്റെ കരുത്ത്
അയോധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് ഉത്തര്‍പ്രദേശ്. ക്ഷേത്ര നിര്‍മാണം ആരംഭിച്ചതുമുതല്‍ തന്നെ ഉത്തര്‍പ്രദേശിന്റെയാകെ സാമ്പത്തിക തലവര മാറ്റിയെഴുതുകയാണ് അയോധ്യ. മാസ്റ്റര്‍ പ്ലാനിലൂടെ അയോധ്യയുടെ വികസനത്തിന് 2031നകം 85,000 കോടി രൂപ ചെലവിടാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 2,150 കോടി രൂപ ചെലവായി. ഇതിന്റെ ഭാഗമായി 18% നികുതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
റിയല്‍ എസ്റ്റേറ്റിലും വന്‍ കുതിച്ചുചാട്ടം സ്വന്തമാക്കിയ അയോധ്യ, ടൂറിസത്തിലും ജിഡിപിയിലും യുപിയുടെ തുറുപ്പുചീട്ടാവുകയാണ്. മൊത്തം സഞ്ചാരികളുടെ ഒഴുക്കില്‍ ഇതിനകംതന്നെ താജ്മഹലിനെയും വാരാണസിയെയും അയോധ്യ പിന്തള്ളി. 2023ല്‍ 5.75 കോടിപ്പേര്‍ അയോധ്യയിലെത്തിയിരുന്നു. 2024ല്‍ 16 കോടി. 2025ന്റെ ആദ്യ 6 മാസക്കാലത്തുമാത്രം 23 കോടിപ്പേര്‍. മഹാകുഭമേളയും വലിയ നേട്ടമായി.
നിലവില്‍ ടൂറിസത്തിലൂടെ ശരാശരി 10,000 കോടി രൂപയുടെ വരുമാനം അയോധ്യ നേടുന്നുണ്ട്. 2028ഓടെ ഇത് 18,000-20,000 കോടി രൂപയാകുമെന്നാണ് കരുതുന്നത്. 2028ഓടെ ഉത്തര്‍പ്രദേശിന്റെ മൊത്തം ടൂറിസം വരുമാനം 70,000 കോടി രൂപ കടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതില്‍ 25 ശതമാനത്തോളവും സംഭാവന ചെയ്യുക അയോധ്യയായിരിക്കും. അയോധ്യയെ ലോകോത്തര ടൂറിസം ഹബ് ആക്കാന്‍ കേന്ദ്രവും സംസ്ഥാനവും 5,000 കോടിയോളം രൂപയും ചെലവിടുന്നുണ്ട്. നിലവില്‍ അയോധ്യയിലെ ജനസംഖ്യ 11 ലക്ഷത്തോളമാണ്, 2031ഓടെ ഇത് 24 ലക്ഷവും 2047ഓടെ 34 ലക്ഷവും കവിയുമെന്നും കരുതുന്നു.
റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളാണ് അയോധ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാത്രം 70ലേറെ പുതിയ ഹോട്ടല്‍ ശൃംഖലകള്‍ നഗരത്തില്‍ സാന്നിധ്യമറിയിച്ചു. ഇന്ത്യന്‍ ഹോട്ടല്‍സ്, മാരിയറ്റ്, റാഡിസണ്‍, ലെമണ്‍ ട്രീ തുടങ്ങിയവ അതിലുള്‍പ്പെടുന്നു. അയോധ്യയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നത് പ്രാദേശിക വ്യാപാരികള്‍ക്കും വലിയ നേട്ടമാകുന്നുണ്ട്. ഭക്ഷണം, പൂജാസാധനങ്ങള്‍, സുവനീറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്നവര്‍ക്ക് മികച്ച നേട്ടമുണ്ട്.
ഇന്ത്യയില്‍ സോളര്‍ വൈദ്യുതോല്‍പാദത്തില്‍ മൂന്നാംസ്ഥാനം അടുത്തിടെ യുപി സ്വന്തമാക്കിയതും അയോധ്യയുടെ കരുത്തില്‍. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശിലെ 17 സ്മാര്‍ട് സിറ്റി പദ്ധതികളില്‍ ഒന്നാംസ്ഥാനത്തും അയോധ്യയാണ്. 2031ഓടെ അയോധ്യയെ പൂര്‍ണമായും സൗരോര്‍ജത്തിനു കീഴിലാക്കുകയാണ് യോഗി സര്‍ക്കാരിന്റെ ലക്ഷ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
