/kalakaumudi/media/media_files/2025/02/28/ZR3mWdhbJCRBUstmYACu.jpg)
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ 47 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയിലെ മനായില്‍, ഇന്തോടിബറ്റന്‍ അതിര്‍ത്തിക്കു സമീപമാണ് അപകടം. 57 പേരാണ് ആകെ കുടുങ്ങിയതെന്നും 10 പേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്കു മാറ്റിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപിലേക്കു മാറ്റിയവരുടെ ആരോഗ്യനില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാംപിനു സമീപം, ബദ്രിനാഥ് ധാമിനു 3 കിലോമീറ്റര്‍ അകലെയായാണു ഹിമപാതം ഉണ്ടായത്. റോഡ് നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സുകള്‍ ഇവിടേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനം വൈകുന്നുണ്ടെന്നും ബിആര്‍ഒ എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ സി.ആര്‍.മീന പറഞ്ഞു.
കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും ജില്ലാ ഭരണകൂടവും ഇന്ത്യന്‍ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും (ഐടിബിപി) ബിആര്‍ഒയും സ്ഥലത്തുണ്ട്. മേഖലയില്‍ വെള്ളിയാഴ്ച രാത്രി വരെ വലിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്ഥ വകുപ്പ്, പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.