'വിവാഹം കഴിഞ്ഞില്ലേ? എന്റെ കൂടെ വരൂ, 25000 രൂപ തന്നാല്‍ പെണ്‍കുട്ടിയെ കിട്ടും'; വിവാദമായി ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന മന്ത്രിയുടെ ഭര്‍ത്താവിന്റെ പ്രസംഗം

കഴിഞ്ഞ മാസം അല്‍മോറയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗിര്‍ധാരി ലാല്‍ ഈ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

author-image
Biju
New Update
vnitha 2

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന മന്ത്രി രേഖ ആര്യയുടെ ഭര്‍ത്താവ് ഗിര്‍ധാരി ലാല്‍ സാഹുവിന്റെ വിവാദ പരാമര്‍ശം വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 20,000 മുതല്‍ 25,000 രൂപ നല്‍കിയാല്‍ വിവാഹത്തിന് പെണകുട്ടികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞതാണ് വിവാദമായത്. കഴിഞ്ഞ മാസം അല്‍മോറയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗിര്‍ധാരി ലാല്‍ ഈ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോയില്‍ ''വയസുകാലത്ത് നിങ്ങള്‍ വിവാഹം കഴിക്കുമോ? പറ്റില്ലെങ്കില്‍ ബിഹാറില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കൊണ്ടുവരാം... അവിടെ 20,000 മുതല്‍ 25,000 രൂപക്ക് കിട്ടും, എന്റെ കൂടെ വരൂ, നിങ്ങള്‍ക്ക് വിവാഹം കഴിപ്പിച്ചുതരാം'' എന്നാണ് ഗിര്‍ധാരി ലാല്‍ പറയുന്നത്.

എന്നാല്‍, സംഭവം വലിയ വിവാദമായതോടെ ഗിര്‍ധാരി ലാല്‍ മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും, ഒരു സുഹൃത്തിന്റെ വിവാഹത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം, വിവാദത്തോട് പ്രതികരിക്കാതെ തുടരുകയാണ് ബിജെപി. പാര്‍ട്ടിക്ക് ഗിര്‍ധാരി ലാലുമായി യാതൊരു ബന്ധവുമില്ലെന്നും, സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ചിന്തകളെയും പ്രസ്താവനകളെും ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി നേതാവ് മന്‍വീര്‍ സിംഗ് ചൗഹാന്‍ വ്യക്തമാക്കി.

എന്നാല്‍, ഇന്ത്യയിലെ സ്ത്രീകളോടുള്ള ഗുരുതരമായ അപമാനമാണിതെന്നും, വിഷയത്തില്‍ ബിജെപി മാപ്പുപറയണമെന്നും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍ ആവശ്യപ്പെട്ടു. ''ബിഹാറിലോ കേരളത്തിലോ ഉത്തരാഖണ്ഡിലോ ഏത് നാട്ടിലെ പെണകുട്ടി ആയാലും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ തന്നെ വനിതാ-ശിശു വികസന മന്ത്രിയായിരിക്കെ ഇത്തരം വാക്കുകള്‍ പറയുന്നത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ജ്യോതി റൗട്ടേലയും പ്രതികരിച്ചു. ഇതിനിടെ, ഗിര്‍ധാരി ലാലിന് നോട്ടീസ് നല്‍കുമെന്ന് ബിഹാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അറിയിച്ചു.