180 കിലോമീറ്റര്‍ വേഗം, ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

വന്ദേഭാരത് ചെയര്‍കാര്‍ ട്രെയിനുകള്‍ക്കു ലഭിച്ച വന്‍ സ്വീകാര്യതയാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പ്രേരണയായത്. മണിക്കൂറില്‍ 180 വരെ കിലോമീറ്റര്‍ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്.

author-image
Biju
New Update
flag

കൊല്‍ക്കത്ത: ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊല്‍ക്കത്ത) ഇടയിലുള്ള ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനാണ് മോദി പച്ചക്കൊടി വീശിയത്. 

'' പൂര്‍ണമായും ശീതീകരിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാര്‍ക്ക് നല്‍കും. ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം 2.5 മണിക്കൂര്‍ കുറയ്ക്കുന്നതിലൂടെ തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനും ട്രെയിന്‍ വലിയ ഉത്തേജനം നല്‍കും'' പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

വന്ദേഭാരത് ചെയര്‍കാര്‍ ട്രെയിനുകള്‍ക്കു ലഭിച്ച വന്‍ സ്വീകാര്യതയാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പ്രേരണയായത്. മണിക്കൂറില്‍ 180 വരെ കിലോമീറ്റര്‍ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേര്‍ക്ക് യാത്ര ചെയ്യാം. വിമാനങ്ങളിലേതിനു സമാനമായ കേറ്ററിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കും. തേഡ് എസിയില്‍ 2300, സെക്കന്‍ഡ് എസിയില്‍ 3000, ഫസ്റ്റ് എസിയില്‍ 3600 എന്നിങ്ങനെയായിരിക്കും ഭക്ഷണം ഉള്‍പ്പെടെ ഏകദേശ ടിക്കറ്റ് നിരക്ക്.

കുലുക്കമില്ലാത്ത യാത്ര ഉറപ്പു നല്‍കുന്ന ട്രെയിനില്‍ മികച്ച ബെര്‍ത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും തദ്ദേശീയമാണ് നിര്‍മാണം.