/kalakaumudi/media/media_files/2025/11/07/vande-2025-11-07-07-39-28.jpg)
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ മാസം സര്‍വീസ് ആരംഭിക്കാനിരിക്കുന്ന ഹൗറ-ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ റേക്ക് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ലഭിക്കും. നിലവില്‍ വന്ദേ ഭാരതിന്റെ ചെയര്‍ കാര്‍ പതിപ്പാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മ്മാണം റെയില്‍വേ വേഗത്തിലാക്കിയിട്ടുണ്ട്,'- മന്ത്രി വ്യക്തമാക്കി.
ഏകദേശം 1,500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര രാത്രിയാത്രകള്‍ക്കാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ലക്ഷ്യമിടുന്നത്. വൈകുന്നേരം ട്രെയിന്‍ കയറുന്ന യാത്രക്കാര്‍ക്ക് അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും വിധമാണ് സമയം ക്രമീകരിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അപകടങ്ങള്‍ ഒഴിവാക്കാനുള്ള 'കവച്' സംവിധാനം, സിസിടിവി ക്യാമറകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍ എന്നിവ ഇവയിലുണ്ട്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളായ ഇവയില്‍ മൊത്തം 16 കോച്ചുകളുണ്ട്. ഇതില്‍ 11 തേര്‍ഡ് എസി കോച്ചുകളും, 4 സെക്കന്‍ഡ് എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചുമാണുള്ളത്. 823 യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ സാധിക്കും.
ഈ വര്‍ഷം അവസാനത്തോടെ 10 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടിറെയില്‍വേയുടെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനായ ഹൗറ-ഗുവാഹത്തി സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. വരും മാസങ്ങളില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഈ സര്‍വീസ് വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
