രാജ്യത്ത് വന്ദേ മാതരം ആലാപനം നിര്‍ബന്ധമാക്കി: സ്‌കൂള്‍ അസംബ്ലികള്‍ക്കടക്കം ബാധകം

വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ന്യൂസ് റീല്‍, ഡോക്യുമെന്ററി സിനിമാ പ്രദര്‍ശനം എന്നിവിടങ്ങളില്‍ വന്ദേ മാതരം പ്ലേ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല.

author-image
Biju
New Update
vandematharam

ന്യൂഡല്‍ഹി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുന്‍പ് വന്ദേ മാതരം ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് പറയുന്നത്. ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കന്റും ദൈര്‍ഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് നിര്‍ദേശം. 

വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ന്യൂസ് റീല്‍, ഡോക്യുമെന്ററി സിനിമാ പ്രദര്‍ശനം എന്നിവിടങ്ങളില്‍ വന്ദേ മാതരം പ്ലേ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല. സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം.

ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിന്റെയും പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാല്‍ സിവില്‍ ചടങ്ങുകള്‍, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികളിലും മറ്റ് ചടങ്ങുകളിലും രാഷ്ട്രപതിയുടെ വരവ്, അത്തരം ചടങ്ങുകളില്‍ നിന്ന് അദ്ദേഹം പോകുമ്പോള്‍, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളില്‍ എത്തിച്ചേരുകയും അത്തരം ചടങ്ങുകളില്‍ നിന്ന് അദ്ദേഹം പോകുമ്പോള്‍, ദേശീയ പതാക പരേഡില്‍ കൊണ്ടുവരുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റ് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന സന്ദര്‍ഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം.

പൊതുചടങ്ങുകളില്‍ വന്ദേ മാതരം വരികള്‍ അച്ചടിച്ച് സദസില്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം തുടങ്ങാന്‍. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മാതൃരാജ്യത്തോടുള്ള അഭിവാദനമെന്ന നിലയിലാണ് വന്ദേ മാതരം ആലപിക്കുന്നതെന്നും ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.