/kalakaumudi/media/media_files/2025/11/07/vande-matharam-2025-11-07-14-07-43.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഗീതം 'വന്ദേമാതര'ത്തിന് 150 വയസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കമിടുന്നത്. രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിടുന്നത്. കാര്‍ഗില്‍ യുദ്ധ സ്മാരകം മുതല്‍ ആന്‍ഡമാന്‍-നിക്കോബാര്‍ സെല്ലുലാര്‍ ജയില്‍ ഉള്‍പ്പെടെ ഇന്ന് വന്ദേ മാതര ആലാപന വേദിയായി മാറും.
ഇന്ത്യയുടെ ദേശീയ ഗീതത്തെ കുറിച്ചുള്ള 10 പ്രധാന വിവരങ്ങള്‍
ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. 1875 നവംബര്‍ 7 ന് ബംഗദര്‍ശന്‍ എന്ന സാഹിത്യ ജേണലിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.
1905 ഒക്ടോബറില്‍ ആണ് വന്ദേമാതരം എന്ന ഗീതത്തിന് രാഷ്ട്രീയ മാനം കൈവരുന്നത്. മാതൃരാജ്യത്തോടുള്ള സ്നേഹം അഭിനിവേശമായും പ്രോത്സാഹിപ്പിക്കുന്നതിനായി വടക്കന്‍ കല്‍ക്കട്ടയില്‍ ആണ് ഗാനം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.
സ്വാതന്ത്ര്യ സമര കാലത്ത് വന്ദേമാതരം എന്ന ഗീതം വലിയ പ്രചാരം നേടുകയും, ഗാനം എന്നതിന് അപ്പുറത്തേക്ക് മുദ്രാവാക്യമായി വളരുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണകൂടം ഗാനത്തിന്റെ വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തുടങ്ങി.
1905 നവംബറില്‍, വന്ദേമാതരം ചൊല്ലിയതിന് ബംഗാളിലെ രംഗ്പൂരിലുള്ള ഒരു സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപ പിഴ ചുമത്തുന്ന സംഭവവും ഉണ്ടായി. വന്ദേമാതരം ചൊല്ലുന്നത് തടയാന്‍ പ്രത്യേക സംഘങ്ങളെയും ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ചു.
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലിയയില്‍ 1906 നവംബറില്‍ നടന്ന വന്‍ പൊതുയോഗത്തില്‍ വന്ദേ മാതരം ആലപിക്കപ്പെട്ടു.
1907-ല്‍, ബെര്‍ലിനിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ഭികാജി കാമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്.
1908-ല്‍, കര്‍ണാടകയിലെ ബെല്‍ഗാമില്‍ വന്ദേമാതരം ചൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള വാക്കാലുള്ള ഉത്തരവ് ലംഘിച്ചതിന് പൊലീസ് നിരവധി പേരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ലോകമാന്യ തിലകനെ ബര്‍മ്മയിലെ മണ്ഡലയിലേക്ക് നാടുകടത്തിയ ദിവസമായിരുന്നു ഇത്.
സ്വതന്ത്ര ഇന്ത്യയിലും വന്ദേ ഭാരതം ഗാനം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദേശീയ ചിഹ്നമായി ഉയര്‍ത്തേണ്ടത് ജനഗണ മന, വന്ദേ മാതരം എന്നിവയിലേത് എന്നതിനെ കുറിച്ച് ഭരണ ഘടന നിര്‍മാണ സഭയിലും ഭിന്നതയുണ്ടായിരുന്നു.
1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് വാദിച്ചു.
ഡോ. രാജേന്ദ്ര പ്രസാദിന്റെ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
