/kalakaumudi/media/media_files/2025/01/30/mYTDiWecVy6YyvvtQsxw.jpg)
Supreme Court of India
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാം. വിസി നിയമനത്തിനായി ഗവര്‍ണര്‍ക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക വിസി നിയമനത്തിനെതിരായ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
തര്‍ക്കങ്ങളില്‍ അനുഭവിക്കുന്നത് വിദ്യാര്‍ഥികളാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിസിമാരില്ലാതെ എങ്ങനെ സര്‍വകലാശാല മുന്നോട്ടു പോകുമെന്നും വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ തുടരണം. വിദ്യാഭ്യാസ വിഷയങ്ങള്‍ കോടതിയിലെത്തുന്നത് വേദനാജനകമാണ്. തര്‍ക്കങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും താല്‍ക്കാലിക വിസി നിയമനങ്ങള്‍ക്കു യുജിസി ചട്ടം പാലിക്കണമെന്നുമാണ് ഗവര്‍ണറുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ.സിസ ജേക്കബിനെയും സാങ്കേതിക സര്‍വകലാശാലയില്‍ കെ.ശിവപ്രസാദിനെയും താല്‍ക്കാലിക വിസിമാരായി നിയമിച്ച മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനമാണു ഹൈക്കോടതി റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.
സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍നിന്നു താല്‍ക്കാലിക വിസിയെ നിയമിക്കണമെന്ന് ഇരു സര്‍വകലാശാലകളുടെയും നിയമത്തിലുള്ളതു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സര്‍വകലാശാലാ നിയമവും യുജിസി റഗുലേഷനും ഒരേ കാര്യത്തിലുണ്ടെങ്കില്‍ റഗുലേഷനാണു ബാധകമാവുക. താല്‍ക്കാലിക വിസി നിയമനത്തെക്കുറിച്ചു റഗുലേഷനില്‍ ഒരു പരാമര്‍ശവുമില്ലാതിരുന്നതാണു ഗവര്‍ണര്‍ക്കു തിരിച്ചടിയായത്. എന്നാല്‍, താല്‍ക്കാലിക വിസിയും സ്ഥിരം വിസിയും ഒന്നാണെന്നും വിസി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നു സുപ്രീംകോടതി നിര്‍ദേശമുള്ളതാണമെന്നുമുള്ള വാദമാണു സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി വന്നതിനു പിന്നാലെ ഇരു സര്‍വകലാശാലകളിലേക്കും താല്‍ക്കാലിക വിസി നിയമനത്തിനായി സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നു. ഈ പാനല്‍ അംഗീകരിക്കാതെയാണു ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്.