സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

2012ല്‍ പട്‌നയില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2008ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ 20ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു

author-image
Biju
New Update
REDDY

ന്യൂഡല്‍ഹി: വീര തെലങ്കാനയുടെ പോരാട്ട പാരമ്പര്യവും വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനവും അനുഭവ സമ്പത്തും കരുത്താക്കി സിപിഐയുടെ അമരത്ത് എത്തിയ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. 2012ല്‍ പട്‌നയില്‍  21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2008ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ 20ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.  ആന്ധ്രപ്രദേശിലെ ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് സുധാകര്‍ റെഡ്ഡി. 

എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും ദേശീയ നേതൃത്വങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പാര്‍ട്ടി നേതൃത്വത്തിലെത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ കണ്ണീരും വിയര്‍പ്പും പോരാട്ടങ്ങളുംകൊണ്ട് പടുത്തുയര്‍ത്തിയ മെഹബൂബ് നഗര്‍ ജില്ലയില്‍പ്പെട്ട പാരാമുരയിലെ കുഞ്ച്പോട് എന്ന, വീരതെലങ്കാനയുടെ ഐതിഹാസിക പാരമ്പ്യമുള്ള മണ്ണില്‍ നിന്നാണ് സുധാകര്‍ റെഡ്ഡിയുടെ ജീവിതത്തിന്റെ തുടക്കം. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ തെലുങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളായാണ് 1942 മാര്‍ച്ച് 24ന് സുധാകര്‍ റെഡ്ഡി ജനിച്ചത്. സമീപ ജില്ലയായ കുര്‍ണൂലിലായിരുന്നു സ്‌കൂളും തുടര്‍ന്നുള്ള വിദ്യാഭ്യാസവും. 

ആന്ധ്ര മഹാസഭയില്‍ അംഗമായിരുന്ന രാമറെഡ്ഡിയുടെ മൂത്ത സഹോദരന്‍ പ്രതാപ റെഡ്ഡിയും സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു.  വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്ത സുധാകര്‍ റെഡ്ഡി വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വിദ്യാര്‍ഥി സമരങ്ങളുടെ മുന്നണി പോരാളിയായി സുധാകര്‍ നിലയുറപ്പിച്ചു. ബിഎ ചരിത്രപഠനത്തിനു ശേഷം ഉസ്മാനിയ സര്‍വകലാശാലയില്‍ നിയമ വിദ്യാഭ്യാസത്തിനു ചേര്‍ന്നു. ഇക്കാലത്ത് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.  

വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റ് സ്ഥാപനത്തിനുവേണ്ടി സമരം ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു സുധാകര്‍ റെഡ്ഡി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ അദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയാക്കി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി, സി.കെ.ചന്ദ്രപ്പനായിരുന്നു ജനറല്‍ സെക്രട്ടറി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ വിദ്യാര്‍ഥി യുവജന പോരാട്ടങ്ങള്‍ നടന്ന കാലത്ത് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും ദേശീയ ഭാരവാഹിയായിരുന്നു അദ്ദേഹം. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. ഡല്‍ഹിയില്‍നിന്നും എഴുപതുകളുടെ മധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്തു വീണ്ടും സജീവമായി. തുടര്‍ന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെടു. 

ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ സുധാകര്‍ പല തവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. പന്ത്രണ്ടാം ലോക്സഭയിലും പതിനാലാം ലോക്സഭയിലും അംഗമായിരുന്നു. കള്ളപ്പണത്തിനെതിരെയും 2 ജിക്കെതിരെയും കരുതല്‍ വേണമെന്നാവശ്യപ്പെട്ടു സുധാകര്‍ റെഡ്ഡി പ്രധാനമന്ത്രിക്കു ഗുരുദാസ് ദാസ് ഗുപ്തയ്ക്കൊപ്പം കത്തയച്ചിരുന്നു. ഇതു സംബന്ധിച്ച് 2008ല്‍ വീണ്ടും കത്തയച്ചെങ്കിലും സര്‍ക്കാരിന്റേത് തണുപ്പന്‍ പ്രതികരണമായിരുന്നു. 

നീരാ റാഡിയ എതിരാളികളായ രണ്ടു കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഒരേസമയം പ്രവര്‍ത്തിക്കുന്നതും 2 ജിയുടെ വിശദവിവരങ്ങളും ചൂണ്ടിക്കാട്ടി സുധാകര്‍ റെഡ്ഡി വീണ്ടും സര്‍ക്കാരിന് കത്തയച്ചിരുന്നു. മുന്നറിയിപ്പു കൊടുത്തിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന സര്‍ക്കാരിന്റെ പിടിപ്പുകേട് 1.76 ലക്ഷം കോടി രൂപയുടെ 2ജി അഴിമതിയായാണ് പിന്നീട് രാജ്യം കണ്ടത്. പ്രസ്തുത കത്ത് രാജ്യത്താകെ ചര്‍ച്ച ചെയ്യപ്പെടുകയും യുപിഎ ഭരണത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്ക് പിന്നീട് വഴിവയ്ക്കുകയും ചെയ്തു. ബി.വി.വിജയലക്ഷ്മിയാണു ഭാര്യ. നിഖിലും കപിലുമാണ് മക്കള്‍. മക്കള്‍ രണ്ടുപേരും വിവാഹിതര്‍.

Sudhakar Reddy