/kalakaumudi/media/media_files/2025/10/03/tj-2-2025-10-03-19-09-10.jpg)
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 2011-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.
പത്തനംതിട്ടയിലെ തുമ്പമണ്‍ ആണ് സ്വദേശം. മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928-ല്‍ ആയിരുന്നു ജനനം. എഴുത്തുകാരന്‍, കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്ന നിലയില്‍ സുപ്രധാനമായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
കാല്‍നൂറ്റാണ്ടോളം 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി'ല്‍ എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന കോളം ടി.ജെ.എസ് ജോര്‍ജിനെ വായനക്കാരുടെ പ്രിയങ്കരനാക്കി. 'നൗ ഈസ് ദ ടൈം ടു സെ ഗുഡ്‌ബൈ' എന്ന തലക്കെട്ടിലാണ് കോളത്തിന്റെ അവസാന ലക്കം എഴുതി മൂന്ന് വര്‍ഷം മുമ്പ് സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്ന് അദ്ദേഹം വിടവാങ്ങിയത്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, 1950-ല്‍ ബോംബൈയിലെ ഫ്രീ പ്രസ് ജേണലിലാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യൂ തുടങ്ങിയവയില്‍ ജോലിചെയ്തു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപര്‍ കൂടിയാണ് ടിജെഎസ് ജോര്‍ജ്.
1950ല്‍ എസ്. സദാനന്ദന്റെ നേതൃത്വത്തില്‍ ഫ്രീ പ്രസ് ജേര്‍ണല്‍ എന്ന പത്രത്തിലൂടെയാണ് ടി.ജെ.എസ് ജോര്‍ജ് പത്രപ്രവര്‍ത്തന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.
കോളംനിസ്റ്റിന് പുറമെ ഗ്രന്ഥകാരന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളിലും ടി.ജെ.എസ് ജോര്‍ജ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വ്യക്തികൂടിയാണ് ടി.ജെ.എസ്.
2011ല്‍ സാഹിത്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനത്തിന് പത്മഭൂഷണ്‍ ലഭിച്ചിരുന്നു. 2008ല്‍ ബഷീര്‍ പുരസ്‌കാരം, 2007ല്‍ രാജ്യോത്സവ പുരസ്‌കാരം, 2005ല്‍ മുഹമ്മദ് കോയ ജേര്‍ണലിസം അവാര്‍ഡ്, 2001ല്‍ പത്രിക അക്കാദമി അവാര്‍ഡ്, 2013ല്‍ അഴീക്കോട് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
