/kalakaumudi/media/media_files/2025/09/12/c-p-radhakrishnan-2025-09-12-08-23-43.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍.
1957 ഒക്ടോബര്‍ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണന്‍ ആര്‍എസ്എസ് അംഗമായാണ് തന്റെ പൊതുജീവിതം ആരംഭിച്ചത്. 1998-ലും 1999-ലും കോയമ്പത്തൂര്‍ ലോക്‌സഭാ സീറ്റില്‍ വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി.
17 വയസില്‍ തന്നെ ഭാരതീയ ജനസംഘത്തിലും ആര്‍എസ്എസിലും അദ്ദേഹം സജീവമായി. 1974-ല്‍ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന ബിജെപി പ്രസിഡന്റ്, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, ടെക്‌സ്‌റ്റൈല്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ പ്രധാനപ്പെട്ട പദവികള്‍ അദ്ദേഹം വഹിച്ചു.
സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. കേരളത്തിന്റെ ബിജെപി ചുമതലയുള്ള നേതാവാകുന്നതിന് മുന്‍പ് തമിഴ്‌നാട്ടില്‍ 93 ദിവസത്തെ 'രഥയാത്ര' നടത്തി. 2004 മുതല്‍ 2007 വരെ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മുതല്‍ 2024 ജൂലൈ വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.
2024 മാര്‍ച്ച് മുതല്‍ ജൂലൈ വരെ തെലങ്കാനയുടെ ഗവര്‍ണറായും പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവര്‍ണറായും അധിക ചുമതല വഹിച്ചു. 2024 ജൂലൈ 31-ന് മഹാരാഷ്ട്ര ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റു. ഏകദേശം നാല് പതിറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ ജീവിതമുള്ള അദ്ദേഹത്തെ തമിഴ്‌നാട്ടില്‍ വലിയ വേരുകളുള്ള പരിചയസമ്പന്നനായ ബിജെപി നേതാവായിട്ടാണ് കണക്കാക്കപ്പെടുന്നത്.