ഇരയുടെ പേര് വെളിപ്പെടുത്തി; ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിന് പോലീസ് നോട്ടീസ്

നാളെ പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് കൊല്‍ക്കത്ത പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ സന്ദീപ് ഘോഷിനെ അഞ്ചിലധികം തവണ ഇതിനകം തന്നെ സിബിഐ ചോദ്യം ചെയ്തിരുന്നു.

author-image
Prana
New Update
kolkata gang rape
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന് കൊല്‍ക്കത്ത പോലീസിന്റെ നോട്ടീസ്. നാളെ പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് കൊല്‍ക്കത്ത പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ സന്ദീപ് ഘോഷിനെ അഞ്ചിലധികം തവണ ഇതിനകം തന്നെ സിബിഐ ചോദ്യം ചെയ്തിരുന്നു.

അതേസമയം വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. വ്യാഴാഴ്ചക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാദം കേള്‍ക്കുന്നതിനിടയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാറിനെയും പൊലീസിനെയും പ്രിന്‍സിപ്പാളിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രിന്‍സിപ്പാളും പൊലീസും എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. എഫ്‌ഐആര്‍ രേഖപ്പെടുത്തിയില്ല, മൃതശരീരം വൈകിയാണ് കുടുംബത്തിന് നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ആര്‍ജി കര്‍ ആശുപത്രിയില്‍നിന്നു രാജിവെച്ചതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ മറ്റേതെങ്കിലും കോളേജില്‍ പ്രവേശിച്ചോയെന്നും കോടതി ആരാഞ്ഞു. സംഭവത്തെ പ്രിന്‍സിപ്പാള്‍ ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും മാതാപിതാക്കളെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

നേരത്തെ കല്‍ക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടിരുന്നു. വിഷയത്തില്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ വിദ?ഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

West Bengal police kolkata doctors rape murder