/kalakaumudi/media/media_files/2025/04/11/6M2B0EbeaahOvNSHjuNQ.jpg)
പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപും ജ്യോത്സ്‌ന രാധാകൃഷ്ണനും നയിച്ച സംഗീത നിശ മുംബൈയിലെ സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റി.
ആധുനീക വാദ്യോപകരണങ്ങൾ ഒരുക്കിയ പശ്ചാത്തല സംഗീതവും ഭീമൻ എൽ ഇ ഡി വാളിൽ മാറിമറിഞ്ഞ ദൃശ്യ മികവും സംഗീത സായാഹ്നത്തിന് വേറിട്ട കാഴ്ച്ചയായിരുന്നു. മുംബൈ ഷൺമുഖാനന്ദ ഹാളിൽ ഏപ്രിൽ ആറിന് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിച്ച സംഗീത പരിപാടിക്ക് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് R. മോഹൻ തിരിതെളിയിച്ചു. കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വർഗീസ്, 24 സ്റ്റുഡിയോ സാരഥികളായ അനീഷ് മേനോൻ, രാംദാസ് മേനോൻ തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു നിറഞ്ഞ സദസ്സിൽ യുവാക്കളുടെ പ്രാതിനിധ്യവും പങ്കാളിത്തവും ശ്ലാഘനീയമായിരുന്നു.സംഗീത പരിപാടിക്കിടെ നടന്ന പാട്ടുമായി ബന്ധപ്പെട്ട മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയതും മുംബൈയിലെ യുവജനങ്ങളായിരുന്നു സംഗീത പരിപാടിക്ക് മുന്നോടിയായി മയൂഖ നായർ അവതരിപ്പിച്ച ഗണേശ വന്ദനം കാണികളുടെ കയ്യടി നേടി. മുംബൈയുടെ സ്വന്തം ഗായിക രേഷ്മ മേനോൻ അവതരിപ്പിച്ച ഗാനവും നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത് . മുംബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൌസാണ് സംഗീത സായാഹ്നത്തിനായി വേദിയൊരുക്കുന്നത്. സംഗീതനിശയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തങ്ങൾക്കായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കെയർ ഫോർ മുംബൈയ്ക്ക് ഒരു ലക്ഷം രൂപ കൈമാറി. 24 സ്റ്റുഡിയോ ഡയറക്ടർ അനീഷ് മേനോൻ, രാംദാസ് മേനോൻ എന്നിവർ ചേർന്നാണ് കെയർ ഫോർ മുംബൈ ട്രസ്റ്റികളായ എം കെ നവാസ്, പ്രിയ വർഗീസ് എന്നിവർക്ക് ചെക്ക് കൈമാറിയത്. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെ മാതൃകയായ കെയർ ഫോർ മുംബൈ വയനാട് ചൂരൽമലയിലെ ദുരിതബാധിതർക്ക് 80 ലക്ഷം രൂപ ചെലവിട്ടാണ് 4 വീടുകൾ നിർമ്മിച്ച് നൽകുന്നത്.