കരൂര്‍ ദുരന്തം: നടന്‍ വിജയ് ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും; വന്‍ സുരക്ഷ

സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി പൊലീസിനു ടിവികെ കത്തു നല്‍കി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡല്‍ഹി പൊലീസും അറിയിച്ചു

author-image
Biju
New Update
VIJY 2

ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് ഇന്നു ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന വിജയ്, 11നു സിബിഐ ഓഫിസിലെത്തും. 2 ദിവസത്തോളം വിജയ്യെ ചോദ്യം ചെയ്യാനാണു സിബിഐ നീക്കം. പൊങ്കല്‍ സമയമായതിനാല്‍ 13നു വൈകിട്ട് തിരികെ മടങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. 

സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി പൊലീസിനു ടിവികെ കത്തു നല്‍കി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡല്‍ഹി പൊലീസും അറിയിച്ചു. പാര്‍ട്ടി നേതാക്കളായ എന്‍.ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ 2 തവണ സിബിഐ ചോദ്യംചെയ്തിരുന്നു. ആദ്യമായാണു വിജയ്യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂര്‍ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു. 

അതിനിടെ 'ജന നായകന്‍' റിലീസ് പ്രശ്‌നത്തിലും കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിലും കുരുങ്ങിക്കിടക്കുന്ന വിജയിക്ക് മേല്‍ ഇടിത്തീയായി ആദായ നികുതിക്കേസും. 2015ല്‍ റിലീസായ 'പുലി' എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേണ്‍ രേഖകളില്‍ നിന്നു മറച്ചുവച്ചെന്ന കേസില്‍ അന്തിമവാദം ആരംഭിച്ചു. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ല്‍ വിജയ്യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.

തുടര്‍ന്ന് 2022 ജൂണില്‍ 1.50 കോടി രൂപ പിഴ ചുമത്തി. പിഴ ചുമത്തിയതു ചട്ടപ്രകാരമല്ലെന്ന വിജയ്യുടെ ഹര്‍ജിയില്‍ ആദായനികുതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാല്‍, പിഴ ചുമത്തിയതില്‍ അപാകതയില്ലെന്നും കൃത്യമായ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ആദായനികുതി വകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ മറുപടി തേടിയ ഹൈക്കോടതി കേസ് 23നു വീണ്ടും പരിഗണിക്കും.