യോഗസ്ഥലത്ത് ലക്ഷത്തിലേറെ പേര്‍, കുട്ടികള്‍ മാത്രം ആയിരത്തോളം

ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ പ്രത്യേക വാഹനത്തിന്റെ മുകളില്‍നിന്നു പ്രസംഗിക്കുന്നതിനിടെ, ഒരു കുട്ടിയെ കാണാതായതായി വിജയ് തന്നെ ജനക്കൂട്ടത്തെ അറിയിച്ചിരുന്നു. ഇതിനിടെ, കടുത്ത തിരക്കില്‍ ശ്വാസം മുട്ടിയും നിര്‍ജലീകരണം മൂലവും ആളുകള്‍ കുഴഞ്ഞു വീഴുകയായിരുന്നു

author-image
Biju
New Update
VIJY 2

കരൂര്‍: 15 വയസ്സില്‍ താഴെയുള്ള ആയിരത്തോളം കൂട്ടികളാണു തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നയിച്ച റാലിയില്‍ പങ്കെടുത്തത്. സ്ത്രീകളും ഒട്ടേറെയുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് തിരക്ക് നിയന്ത്രിക്കാനും വെള്ളക്കുപ്പികള്‍ എത്തിക്കാനും വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. സഹായം ലഭിച്ചില്ലെന്ന് പിന്നീട് മൈക്കിലൂടെ തന്നെ പരാതിപ്പെടുകയും ചെയ്തു. വെള്ളക്കുപ്പികള്‍ സംഘാടകര്‍ എത്തിച്ചിരുന്നുവെങ്കിലും തിരക്കുകാരണം വിതരണം ചെയ്യാനായില്ല.

കാണാതായ കുട്ടികളില്‍ പലരെയും ബോധരഹിതരായി സമ്മേളന സ്ഥലത്തിനു സമീപത്തു നിന്നു കണ്ടെത്തി. ഇവരില്‍ പലരും മരിച്ചതായി സംശയമുണ്ട്. ആള്‍ക്കൂട്ടം ഒഴിഞ്ഞുപോയ ശേഷം നടത്തിയ തിരച്ചിലിലാണു ബോധരഹിതരായ കുട്ടികളെ കണ്ടെത്തിയത്. തിക്കിലും തിരക്കിലും 17 സ്ത്രീകളും 8 കുട്ടികളും അടക്കം 39 പേര്‍ ഇതുവരെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കരൂര്‍ വേലുച്ചാമിപുരത്ത് ഇന്നലെ രാത്രി 7 ന് ആണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് കരൂരിലെത്തിയത്.

ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ പ്രത്യേക വാഹനത്തിന്റെ മുകളില്‍നിന്നു പ്രസംഗിക്കുന്നതിനിടെ, ഒരു കുട്ടിയെ കാണാതായതായി വിജയ് തന്നെ ജനക്കൂട്ടത്തെ അറിയിച്ചിരുന്നു. ഇതിനിടെ, കടുത്ത തിരക്കില്‍ ശ്വാസം മുട്ടിയും നിര്‍ജലീകരണം മൂലവും ആളുകള്‍ കുഴഞ്ഞു വീഴുകയായിരുന്നു. വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര തിരക്കായിരുന്നു. റാലിക്ക് സ്ഥലം അനുവദിച്ചതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.

കരൂര്‍ ജില്ലാ കളക്ടറുടെ ഓഫിസിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: വാട്‌സാപ്: 70108 06322. ലാന്‍ഡ്ലൈന്‍: 04324 - 256306/ 04324  25751

actor vijay