ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം, ഡിഎന്‍എ പരിശോധനയിലൂടെ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ 11:10 നാണ് പരിശോധനാ ഫലങ്ങള്‍ ലഭിച്ചത്. ചാര്‍ട്ടേഡ് വിമാനത്തില്‍ രൂപാണിയുടെ മൃതദേഹം അഹമ്മദാബാദില്‍ നിന്ന് രാജ്‌കോട്ടിലേക്ക് കൊണ്ടുപോകും.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് വിമാനം തകര്‍ന്നു വീണത്. ജൂണ്‍ 12 ന് AI 171 എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ മരിച്ചു. മരിച്ചവരില്‍ 68 കാരനായ രൂപാണിയും ഉണ്ടായിരുന്നു. ഒരേ ഒരു യാത്രക്കാരന്‍ മാത്രമാണ് .ആകാശത്തേക്ക് പറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണു, വിമാനത്താവള റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മേഘാനിനഗര്‍ പ്രദേശത്തെ ബിജെ മെഡിക്കല്‍ കോളേജ് കാമ്പസിനുള്ളിലെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഹോസ്റ്റല്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും, നിരവധി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിക്കുകയും ചെയ്തു. ഞായറാഴ്ച വരെ, 32 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, 14 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കി.
മെയ് 19 ന് ലണ്ടനിലേക്ക് പോകാനാണ് രൂപാണി ആദ്യം നിശ്ചയിച്ചിരുന്നത്. ആ ടിക്കറ്റ് പിന്നീട് റദ്ദാക്കി. ജൂണ്‍ 5 ന് അദ്ദേഹം വീണ്ടും ഷെഡ്യൂള്‍ ചെയ്തെങ്കിലും പിന്നീട് അതും റദ്ദാക്കി. ജൂണ്‍ 12 ന് നടന്ന ദുരന്തമായ AI 171 എന്ന വിമാനത്തില്‍ അദ്ദേഹം ഒടുവില്‍ സീറ്റ് ബുക്ക് ചെയ്തു.