/kalakaumudi/media/media_files/2025/09/27/vijay-2025-09-27-21-55-44.jpg)
കരൂര്‍: ടിവികെ റാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ അട്ടിമറി സംശയവും ആരോപിക്കപ്പെടുന്നു. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും വിജയ് യുടെ റാലിയില്‍ ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായതും ദുരന്തം സംഭവിച്ചതും സംശയത്തോടെയാണ് കാണുന്നതെന്ന് ടിവികെ വൃത്തങ്ങള്‍ പറയുന്നു.
ദുരന്തം നടന്നതിന് പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പാര്‍ട്ടിക്കാര്‍ ചില പ്രതികരണവും നടത്തിയിയതായി പറയുന്നുണ്ട്. നിയന്തണങ്ങളെല്ലാം ലംഘിച്ചായിരുന്നു റാലിയെന്നാണ് അവരുടെ ആരോപണം. യോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതിയും മുമ്പ് പറഞ്ഞിരുന്നതാണ്.
സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുന്‍പാണ് കോടതി പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. അന്നത്തെ റാലിയില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഇന്നത്തെ കരൂരിലെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതു കണ്ട് പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടു. വിജയ് ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം വിജയ് തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇതിനുപിന്നാലെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ മൈക്കിലൂടെ അഭ്യര്‍ഥിച്ചതും വിജയ് ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
