മുംബൈ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. ശനിയാഴ്ച രാത്രിയാണ് മുംബൈ താനെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാംബ്ലിയെ പ്രവേശിപ്പിച്ചത്.
തുടക്കത്തില്‍ മൂത്രാശയ അണുബാധയും പേശിവലിവും അനുഭവപ്പെടുന്നതായാണ് കാംബ്ലി പറഞ്ഞത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതെന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോക്ടര്‍ വിവേക് ത്രിവേദി അറിയിച്ചു. കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൊവ്വാഴ്ച കൂടുതല്‍ വൈദ്യപരിശോധനകള്‍ നടത്തുമെന്നും ഡോക്ടര്‍ പറഞ്ഞു.
അതിനിടെ കാംബ്ലിയുടെ ആശുപത്രിയില്‍ നിന്നുള്ള ആദ്യ പ്രതികരണം പുറത്തുവന്നു. തനിക്ക് നല്‍കിയ ചികിത്സയ്ക്ക് ഡോക്ടര്‍മാരോട് കാംബ്ലി നന്ദി പറഞ്ഞു. 'ഇവിടത്തെ ഡോക്ടര്‍മാര്‍ കാരണമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാന്‍ ചെയ്യും എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഞാന്‍ അവര്‍ക്ക് നല്‍കുന്ന പ്രചോദനം ആളുകള്‍ കാണും,'- കാംബ്ലിയുടെ വാക്കുകള്‍.ഒട്ടേറെ ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നും കുടുംബത്തിന്റെ പരിചരണത്തിലാണെന്നും ഒരു മാസം മുൻപ് സ്വകാര്യ യൂട്യൂബ് ചാനലൈന് നൽകിയ അഭിമുഖത്തിൽ തരാം വെളുപ്പെടുത്തിയിരുന്നു.
അതേസമയം കാംബ്ലിക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി ഇന്‍ ചാര്‍ജ് എസ് സിംഗ് തീരുമാനിച്ചതായും ത്രിവേദി പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി വിനോദ് കാംബ്ലി ആരോഗ്യപ്രശ്‌നങ്ങളുമായി പൊരുതുകയാണ്.
ക്രിക്കറ്റ് കരിയര്‍ അകാലത്തില്‍ അവസാനിപ്പിക്കേണ്ടി വന്ന വിനോദ് കാംബ്ലിക്ക് അതിനു ശേഷം വലിയ ശാരീരിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക തകര്‍ച്ചയിലുമായിരുന്നു മുന്‍ താരം.സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാമ്പത്തിക സഹായത്തോടെ 2013 ൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.സച്ചിന്‍ ടെണ്ടുല്‍ക്കറും കാംബ്ലിയും ഈയടുത്ത് ആദ്യ പരിശീലകന്‍ രമാകാന്ത് അച്ചരേക്കറുടെ ഓര്‍മ ദിനത്തില്‍ ഒരേ വേദിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.