മുംബൈ: സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.
'സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തതാണ്. എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത്.'മഹാരാഷ്ട്രയിലെ 'ലഖ്പതി ദീദി സമ്മേളന'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.