പത്തു വര്‍ഷത്തെ സര്‍വീസിനു ശേഷം,ടാറ്റ- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര ചരിത്രത്തിലേക്ക്. ഇന്നു പുലര്‍ച്ചെ അവസാന സര്‍വീസ് നടത്തി വിസ്താര വ്യോമയാന രംഗത്തുനിന്ന് പിന്‍വാങ്ങി.എയര്‍ ഇന്ത്യ -വിസ്താര ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യ ബ്രാന്‍ഡില്‍ പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ്.വിസ്താര അരങ്ങൊഴിഞ്ഞതോടെ രാജ്യത്തെ ഏക ഫുള്‍ സര്‍വീസ് കാരിയര്‍ ആയി എയര്‍ ഇന്ത്യ മാറി.
എയര്‍ ഇന്ത്യ- വിസ്താര ലയന ശേഷമുള്ള ആദ്യത്തെ വിമാനം ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു.എഐ2286 വിമാനം പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്.ഇരുകമ്പനികളുടെയും ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആണ് ഇത്.
ആദ്യ ആഭ്യന്തര സര്‍വീസ് എഐ2984 വിമാനം 1.20-ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തി.വിസ്താര ഫ്‌ലൈറ്റ് കോഡ് 'യുകെ' എന്നതില്‍ നിന്ന് 'എഐ2' എന്നായി മാറി.
2022 നവംബറിലാണ് വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതായുള്ള പ്രഖ്യാപനമുണ്ടായത്.ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണിത്. ലയനം പൂര്‍ത്തിയാകുന്നതോടെ സിംഗപ്പുര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുണ്ടാകും.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013-ലാണ് വിസ്താര നിലവില്‍ വന്നത്. 2015 ജനുവരി ഒമ്പത് ആദ്യ സര്‍വീസും നടത്തി.ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു കമ്പനിയുടെ ആസ്ഥാനം.70 വിമാനങ്ങളുമായി 350 സര്‍വിസുകളാണ് വിസ്താര ദിവസവും നടത്തിയിരുന്നത്.
പുതിയ നീക്കത്തിലൂടെ വന്‍ സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിടുന്നത്.വിസ്താര എയലൈന്‍സുമായി ലയിച്ചതോടെ ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് വര്‍ഷത്തില്‍ അഞ്ഞൂറ് കോടിയിലധികം രൂപ ലാഭിക്കാനാകും.ഓപറേഷന്‍സ്, ഇന്ധനം, ലോഞ്ചുകള്‍,ക്യാറ്ററിങ് തുടങ്ങിയവയിലൂടെയാണ് എയര്‍ ഇന്ത്യയ്ക്ക് ഇത്രയും തുക ലാഭിക്കാനാകുക.എയര്‍ ഇന്ത്യയുടെ വിഹാന്‍.എഐ എന്ന അഞ്ച് വര്‍ഷം നീളുന്ന പദ്ധതിയുടെ ഭാഗമായാണ് വിസ്താര-എയര്‍ ഇന്ത്യ ലയനം. ഇന്ത്യില്‍ ആരംഭിച്ച് പത്ത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വിസ്താര ലാഭത്തിലെത്തിയിരുന്നില്ല.
എയര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് വാല്യു വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം കൂടുതല്‍ ലാഭകരമായി മുന്നോട്ട് പോകുക എന്ന ഉദ്ദേശ്യവും ലയനത്തിനു പിന്നിലുണ്ട്.2027 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും 1800 കോടിയുടെ ലാഭമാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.ഇതിനു പുറമേ വാര്‍ഷിക ലാഭമായ 500 കോടി എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ മേഖലയില്‍ വന്‍ നേട്ടം നല്‍കും.ചിലവ് ചുരുക്കലിനും കൂടുതല്‍ കാര്യക്ഷമ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കും.
ഏവിയേഷന്‍ രംഗത്തെ സമ്മര്‍ദങ്ങളെ ചെറുക്കാനും ലയനം സഹായകരമാകും. ഇന്ധന ലാഭത്തിനൊപ്പം ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളിലെ മറ്റുള്ളവരുമായുള്ള മത്സരത്തിലും ലയനം എയര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. വാര്‍ഷിക ചിലവിലെ കുറവും അതിലൂടെ എയര്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ലാഭവും ടിക്കറ്റ് നിരക്ക് ഉൾപ്പടെയുള്ള കാര്യങ്ങളില്‍ യാത്രക്കാര്‍ക്കും ഗുണകരമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
