/kalakaumudi/media/media_files/2025/11/25/eth-2025-11-25-07-36-02.jpg)
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതു മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യന്‍ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു.
യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരികെപ്പോകാനുള്ള സൗകര്യം ഒരുക്കിയെന്നും ഇന്‍ഡിഗോ അറിയിച്ചു. വൈകിട്ട് 6.25ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയര്‍ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇന്‍ഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി.
ഇന്നലെ രാത്രി എട്ടോടെ രാജസ്ഥാനു മുകളില്‍ ചാരമേഘങ്ങള്‍ എത്തി. ഏകദേശം 25,000 മുതല്‍ 45,000 അടി ഉയരത്തിലാണ് ഇത്. ഹരിയാന, ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്ററാണു ചാരമേഘത്തിന്റെ വേഗം.
വിമാനത്താവളങ്ങളിലെ റണ്‍വേകള്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ സര്‍വീസുകള്‍ നിയന്ത്രിക്കാനും വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. യെമന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു മുകളിലൂടെ നീങ്ങി അറബിക്കടലും കടന്നാണ് രാജസ്ഥാന്‍ ഭാഗത്തുകൂടി ഉത്തരേന്ത്യയിലേക്ക് ചാരമേഘങ്ങള്‍ എത്തിയത്.
12,000 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ സ്ഥിതി ചെയ്ത ശേഷമാണു ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. 14 കിലോമീറ്റര്‍ ഉയരത്തില്‍ ചാരം പറന്നുപൊങ്ങി. സ്‌ഫോടനം അവസാനിച്ചെങ്കിലും ചാരം കാറ്റില്‍ പടര്‍ന്നുതുടങ്ങിയതാണു പ്രതിസന്ധിക്കു വഴിവച്ചത്.
വിമാനങ്ങള്‍ക്കു ഭീഷണിഅഗ്‌നിപര്‍വത സ്‌ഫോടനം കാരണമുള്ള പൊടിപടലങ്ങള്‍ വിമാനങ്ങള്‍ക്കു സുരക്ഷാപ്രശ്‌നം സൃഷ്ടിക്കാം. പൊടിപടലങ്ങള്‍ വിമാന എന്‍ജിനില്‍ കയറി ടര്‍ബൈന്‍ ബ്ലേഡുകളും പ്രൊപ്പല്ലറും തകരാറിലാക്കാം. കോക്പിറ്റ് ജാലകങ്ങളില്‍ ഉരഞ്ഞു മങ്ങലേല്‍പിക്കുന്നത് പൈലറ്റുമാരുടെ കാഴ്ചയെ ബാധിക്കാം. വിമാനത്തിന്റെ വിവിധ സെന്‍സറുകളും മറ്റ് ഉപകരണങ്ങളും തകരാറിലാകുന്നതിനാല്‍ ആശയവിനിമയും പ്രതിസന്ധിയിലാകാം. 2010 ല്‍ ഫിന്‍ലന്‍ഡില്‍ സംഭവിച്ച അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ യൂറോപ്പിലെമ്പാടുമുള്ള വ്യോമഗതാഗതം രണ്ടാഴ്ച സ്തംഭിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
