288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു

വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു.

author-image
Biju
New Update
ggh

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി.  288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. 

2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ 4ഉ ആക്രമണം നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 

വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു. 

5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 

 

waqf bill Amendment