/kalakaumudi/media/media_files/2025/04/03/15oUDrNOXgTtKzdo4lwp.jpg)
ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് ലോക്‌സഭയിലും അവതരിപ്പിച്ചത്. ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
ഇന്നലെ 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. പുലര്‍ച്ചെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ബില്ല് പാസാക്കിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീംകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു.
5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.