/kalakaumudi/media/media_files/2025/04/02/knFgx9unvWPq1w46evBa.jpg)
ന്യൂഡല്‍ഹി : ലോകത്തില്‍ ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തല്‍. വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന വേളയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റെയില്‍വേയും പ്രതിരോധ മേഖലയും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമകളാണ് ഇന്ന് വഖഫ് ബോര്‍ഡ്. എന്നാല്‍ റെയില്‍വേയുടെയും പ്രതിരോധ മേഖലയുടെയും സ്വത്ത് രാജ്യത്തിന്റെ സ്വത്താണ്, അതേസമയം വഖഫ് ബോര്‍ഡിന്റെ സ്വത്ത് സ്വകാര്യ സ്വത്താണ് എന്നുള്ളതും ശ്രദ്ധേയമാണ്.
2013-ല്‍ യുപിഎ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് പ്രത്യേക അധികാരം നല്‍കിയത് നിരവധി ദുര്‍വിനിയോഗങ്ങള്‍ക്ക് കാരണമായെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡിന്റെ ഉത്തരവിനെ ഒരു സിവില്‍ കോടതിയിലും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പ്രത്യേക അധികാരം. യുപിഎ സര്‍ക്കാര്‍ തുടര്‍ന്നും അധികാരത്തിലിരുന്നെങ്കില്‍ പാര്‍ലമെന്റ് മന്ദിരം, വിമാനത്താവളം എന്നിവയുള്‍പ്പെടെ ഇനിയും അനവധി ഭൂമികളും കെട്ടിടങ്ങളും വഖഫ് സ്വത്തായി പ്രഖ്യാപിക്കപ്പെടുമായിരുന്നുവെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയിലെ 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 8.7 ലക്ഷം ഭൂമി വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഉണ്ട്. ഏകദേശം 1.2 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് ഈ സ്വത്തുക്കള്‍. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്താന്‍ വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതോടെ സാധിക്കുന്നതാണ്. വഖഫിന്റെ നിര്‍വചനങ്ങള്‍ പുതുക്കുക, രജിസ്‌ട്രേഷന്‍ പ്രക്രിയ മെച്ചപ്പെടുത്തുക, വഖഫ് രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മാറ്റങ്ങള്‍ ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നത് പോലെ ഒരിക്കലും മതപരമായ കാര്യങ്ങളില്‍ ഇടപെടല്‍ അല്ല വഖഫ് ഭേദഗതി ബില്‍ ഉദ്ദേശിക്കുന്നത് എന്നും കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.