/kalakaumudi/media/media_files/2025/04/08/WOn3FyRwAm6FlTKZF7Ob.jpg)
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പവച്ച ശേഷം വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രാലയം പുറത്തിറക്കി. ചട്ടക്കള്‍ ഉടന്‍ തന്നെ രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുന്നു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ ഏറ്റവും അധികം എതിര്‍പ്പ് ഉയര്‍ത്തിയത് കേരളത്തില്‍ നിന്നുമാണ്. സംസ്ഥാനത്തു നിന്നും സമസ്തയും മുസ്ലിംലീഗുമെല്ലാം നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയിരിക്കയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും നിയമത്തെ എതിര്‍ക്കുന്നവുടെ കൂട്ടത്തിലാണ്. എന്നാല്‍, ഇത്രയധികം എതിര്‍പ്പുയര്‍ത്തേണ്ട സാഹചര്യത്തിലും കേരളത്തിലും പുതിയ വഖഫ് നിയമ പ്രകാരമുള്ള ആധ്യ വഖഫ് ബോര്‍ഡ് രൂപീകരിക്കുക എന്നതാണ ശ്രദ്ധേയം.
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അടിയന്തരമായി പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇതോടെ പുതിയ ഭരണ സമതിയുടെ തിരഞ്ഞടുപ്പ് പുതുക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാകുയും ചെയ്യും. ഡിസംബര്‍ 17ന് നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ഹൈക്കോടതി പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടി നല്‍കിയിരുന്നു.
വഖഫ് ബോര്‍ഡിനു മുന്നിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. ജസ്റ്റിസുമാരായ അമിത് റാവല്‍, എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കിയത്. ഈമാസം അഞ്ചാം തീയ്യതിയാണ് വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. ഇതോടെ ഇത് നിയമമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
ഒരു മാസം കൊണ്ട് തന്നെ പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കുമെന്നാണ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും നേരത്തെ വ്യക്തമാക്കിയത്. നിലവില്‍ രാജ്യത്തുള്ള വഖഫ് ബോര്‍ഡുകളുടെ ഭരണകാലാവധി തീരുന്നത് വരെ തിരഞ്ഞെടുപ്പു നടത്തേണ്ടതില്ല. പുതിയ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പുനര്‍നിര്‍മ്മിക്കേണ്ടിവരും. എന്നാലും റദ്ദാക്കിയ നിയമപ്രകാരം പുതിയ ബോര്‍ഡ് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഏപ്രില്‍ നാലിന് വോട്ടര്‍ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. മെയ് 3ന് തെരഞ്ഞെടുപ്പു വിജ്ഞാപനം നിലവില്‍ വരും.
12 അംഗ ബോര്‍ഡില്‍ ഏഴു പേരെ വോട്ടെടുപ്പിലൂടെയും അഞ്ച് അംഗങ്ങളെ സംസ്ഥാന സര്‍ക്കാറും നോമിനേറ്റ് ചെയ്യേണ്ടതായി വരും. മുസ്ലിം ഇതര പ്രതിനിധി അടക്കം ബോര്‍ഡില്‍ പുതിയ നിയമ പ്രകാരം ഉണ്ടാകും. ഇതിനിടെ നിയമത്തില്‍ സുപ്രീംകോടതി ഇടപെടല്‍ കേസില്‍ ഉണ്ടാകുമോ എന്നും അറിയേണ്ടതുണ്ട്. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ലെന്നാണ് സൂചനകള്‍. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്.
വഖഫ് നിയമ ഭേദഗതിക്കെതിരേ മുസ്ലീം ലീഗും സമസ്തയും ഉള്‍പ്പെടെ നല്‍കിയ 12 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. മുസ്ലീംലീഗിന് വേണ്ടി കഴിഞ്ഞദിവസം ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഈ ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമസ്തയ്ക്ക് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്വിയും സമാനമായ ആവശ്യം കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.