വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ

നിലവിലെ സെൻസസ് അടിസ്ഥാനമാക്കി എത്ര തവണ വേണമെങ്കിലും സർക്കാർ വിഭജന നടപടികൾ നടത്താമെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.ഇത് ചോദ്യം ചെയ്താണ് ലീഗും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചത്.

author-image
Prana
New Update
Supreme Court

ഡൽഹി: തദ്ദേശസ്വയംഭരണ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂർ, മട്ടന്നൂർ എന്നിവയുള്‍പ്പെടെയുള്ള നഗരസഭകളിലെ ലീഗ്-കോൺഗ്രസ് കമ്മിറ്റികളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കാസർകോട് പടന്ന, പാലക്കാട് തെങ്കര ഗ്രാമ പഞ്ചായത്തുകളിലെ യുഡിഎഫ് കമ്മിറ്റികളും അപ്പീൽ നൽകിയിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചാണ് അപ്പീൽ. 2011 സെൻസസ് അടിസ്ഥാനമാക്കി 2015ൽ പൂർത്തിയാക്കിയ വാർഡ് വിഭജനം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും പഴയ സെൻസസ് അടിസ്ഥാനമാക്കിയുള്ള നടപടി ഭരണഘടനയുടെ അനുഛേദം 243 സിയുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിക്കുന്നു. ഹർജിക്കാർക്കായി അഭിഭാഷകർ ഉസ്മാൻ ജി ഖാൻ, അബ്ദുൽ നസീഹ് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.മുന്‍പ്, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും നടന്ന വാർഡ് വിഭജനം റദ്ദാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ തീരുമാനം മറികടന്ന് വാർഡ് വിഭജനം ശരിവെച്ചു. നിലവിലെ സെൻസസ് അടിസ്ഥാനമാക്കി എത്ര തവണ വേണമെങ്കിലും സർക്കാർ വിഭജന നടപടികൾ നടത്താമെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.ഇത് ചോദ്യം ചെയ്താണ് ലീഗും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഹർജികളിൽ സർക്കാരിന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് തടസ ഹർജി ഫയൽ ചെയ്തത്.

congress