/kalakaumudi/media/media_files/2z7bxR0OVh1H5uZmu405.jpg)
നരേന്ദ്രമോദിയും ബിൽഗേറ്റ്സും സംഭാഷണത്തിനിടെ
ന്യുഡൽഹി:ഡിജിറ്റൽ ലോകത്ത് പുത്തൻ കുതിച്ചുചാട്ടവുമായി പായുന്ന എ ഐ സാങ്കേതിക വിദ്യ വഴി നിർമിക്കുന്ന ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡീപ് ഫേക്ക് തട്ടിപ്പുകൾ വർധിച്ചു വരുന്ന ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ ജീവിക്കുന്നത്. അത് തുടക്കത്തിലെ തടയേണ്ടതുണ്ട്. എഐയുടെ ദുരുപയോഗം വലിയ വെല്ലുവിളിയായി കാണേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ബിൽഗേറ്റ്സുമായി നരേന്ദ്ര മോദി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം.
‘ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആർക്കു വേണമെങ്കിലും ഡീപ്ഫേക്ക് സംവിധാനം ഉപയോഗിക്കാം. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. എഐ സാങ്കേതിക വിദ്യയെ അലസത കാരണം ഉപയോഗിക്കരുത് . അത്തരത്തിൽ ആശ്രയിക്കുകയാണെങ്കിൽ അത് തെറ്റായ പാതയാണ്. സാങ്കേതിക വിദ്യയിൽ എല്ലാവർക്കും തുല്യ അവസരം നൽകാനാണ് ശ്രമം. ഒരിക്കലും ഡിജിറ്റൽ വിഭജനം പാടില്ല. സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിൽ ഞാൻ വിശ്വസിക്കുന്നു. ഗ്രാമങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുകയാണ്. ലോകത്തിലെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് കേൾക്കുമ്പോൾ, എന്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു’ – നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിലെ സ്ത്രീകൾ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ തയ്യാറായി വരികയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.'നമോ ഡ്രോൺ ദീദി' പദ്ധതി ആരംഭിച്ചത് സ്ത്രീകൾക്ക് മുൻനിരയിൽ എത്താനായിട്ടാണ്.നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.