ആനി രാജയെ നേരിടാന്‍ പ്രിയങ്ക എത്തുമ്പോള്‍

ഇത്തവണ പക്ഷെ വയനാടിന് പുറമെ അമേഠിക്ക് പകരം റായ്ബറേലിയിലാണ് രാഹുലിന്റെ രണ്ടാം മണ്ഡലം. സോണിയാ ഗാന്ധിക്ക് ഏറെ വൈകാരിക ബന്ധമുള്ള റായ്ബറേലിയില്‍ രാഹുലിന് വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി വിജയിച്ചാല്‍ പിന്നീട് ഒഴിവ് വരുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

author-image
Rajesh T L
New Update
wayanadu

wayanad

Listen to this article
0.75x 1x 1.5x
00:00 / 00:00

കല്‍പ്പറ്റ: ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പില്‍ മുതര്‍ന്ന നേതാക്കളുടെ ഇരട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം അത്ര പുതുമയുള്ള കാര്യമല്ല. എല്ലാ തിരഞ്ഞെടുപ്പിലും പത്ത് പേരെങ്കിലും ഇതുപോലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാറുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇരട്ട സ്ഥാനാര്‍ത്ഥിത്വം എന്നും ചര്‍ച്ചായാകാറുള്ളതാണ്. ഇക്കുറിയും അതിനൊരു മാറ്റവുമില്ല.

ഇത്തവണ പക്ഷെ വയനാടിന് പുറമെ അമേഠിക്ക് പകരം റായ്ബറേലിയിലാണ് രാഹുലിന്റെ രണ്ടാം മണ്ഡലം. സോണിയാ ഗാന്ധിക്ക് ഏറെ വൈകാരിക ബന്ധമുള്ള റായ്ബറേലിയില്‍ രാഹുലിന് വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി വിജയിച്ചാല്‍ പിന്നീട് ഒഴിവ് വരുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

എ.ഐ.സി.സി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വയനാട് രാഹുല്‍ ഉപേക്ഷിച്ചാലുള്ള തിരിച്ചടി ഒഴിവാക്കാനും കേരളത്തില യു.ഡി.എഫ് വിജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയാകാനുമുള്ള ദ്വിമുഖ തന്ത്രവുമാണ് ഈ നീക്കം വഴി കെ.സി പയറ്റുന്നത്. ഉത്തര്‍പ്രദേശിലെ തിരിച്ചടി ഭയന്ന് റായ്ബറേലിയില്‍ മത്സരിക്കാനുള്ള എ.ഐ.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശം രാഹുല്‍ സ്വീകരിച്ചപ്പോള്‍ വയനാട് ഉപേക്ഷിക്കില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നു. രാഹുല്‍ അമേഠിയിലും, പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കണമെന്ന നിര്‍ദ്ദേശമാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നത്.

രാഹുല്‍ ഇല്ലെങ്കില്‍, അമേഠിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും രംഗത്തെത്തിയിരുന്നു. വാധ്രയുടെ രംഗപ്രവേശം കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥനായ കെ.എല്‍ ശര്‍മ്മയെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക കൂടി മത്സരിക്കുന്നത് കോണ്‍ഗ്രസില്‍ കുടുംബാധിത്യമാണെന്ന മോദിയുടെ വിമര്‍ശനത്തിന് മൂര്‍ച്ചകൂട്ടുമെന്ന ആശങ്കയും പ്രിയങ്കയുടെ പിന്‍മാറ്റത്തിന് പിന്നിലുണ്ടായിരുന്നു.

വയനാട്ടിലെ പ്രചരണത്തില്‍ രാഹുലിനൊപ്പം പ്രിയങ്കയും സജീവമായാണ് രംഗത്തിറങ്ങിയിരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും പ്രചരണത്തിനായി രണ്ട് ദിവസവും മാത്രമാണ് രാഹുല്‍ വയനാട്ടിലെത്തിയിരുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക രാഹുലില്ലാതെ റോഡ് ഷോക്കും വയനാട്ടിലെത്തുകയുണ്ടായി. പ്രിയങ്ക വയനാട്ടില്‍ മത്സരിച്ചാല്‍ എതിര്‍പ്പുകള്‍ കുറയുമെന്നാണ് കെ.സി വിഭാഗം നേതാക്കള്‍ കരുതുന്നത്. റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ അമ്മയുടെ ആവശ്യപ്രകാരമാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ പ്രഖ്യാപിച്ചിരുന്നത്.

നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായാണ് ഉത്തര്‍പ്രദേശിലെ അമേഠിയും റായ്ബറേലിയും അറിയപ്പെടുന്നത്. കഴിഞ്ഞ തവണ അമേഠിയില്‍ അരലക്ഷം വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെട്ടപ്പോഴും റായ്ബറേലി സോണിയയെ 1,67,178 വോട്ടുകള്‍ക്കാണ് വിജയിപ്പിച്ചിരുന്നത്. റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ റായ്ബറേലിയില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചിരുന്നത്. ഇന്ത്യാ സഖ്യത്തില്‍ സമാജ് വാദി പാര്‍ട്ടിയും ഉള്ളതിനാല്‍ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിക്കാന്‍ തന്നെയാണ് സാധ്യത.

രാഹുല്‍ വയനാട് ഉപേക്ഷിക്കുമ്പോള്‍ പകരം പ്രിയങ്കയെ രംഗത്തിറക്കുന്നതിലൂടെ നെഹ്റു കുടുംബത്തിന്റെ മണ്ഡലം എന്ന വൈകാരിക ബന്ധം വയനാട്ടില്‍ സ്ഥാപിക്കാമെന്ന പ്രതീക്ഷയാണ് കെ.സിക്കുള്ളത്. 2019-ല്‍ സി.പി.ഐയിലെ പി.പി സുനീറിനെതിരെ നാലര ലക്ഷത്തിലധികം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സി.പി.ഐയുടെ ദേശീയ വനിതാ നേതാവായ ആനി രാജയാണ് രാഹുലിനെതിരെ മത്സരിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ ആശങ്കയുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിച്ചതോടെയാണ് രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ കൂടിയിരുന്നത്. എന്നാല്‍, ഇത്തവണ അത്തരമൊരു ട്രെന്റ് വയനാട്ടിലില്ല. എം.പിയായിട്ടും വയനാട്ടില്‍ രാഹുലിന്റെ സാന്നിധ്യം പേരിനുമാത്രമായതും ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. ഇതെല്ലാം നോക്കുമ്പോള്‍ ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ കുറയാന്‍ തന്നെയാണ് സാധ്യത.

മൂന്നാം സീറ്റായി വയനാടിന് വേണ്ടി അവകാശവാദം ഉന്നയിച്ച മുസ്ലീംലീഗ് രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനാല്‍ മാത്രമാണ് വയനാട്ടിനായി പിടിവാശി കാണിക്കാതിരുന്നത്. എന്നാല്‍, റായ്ബറേലിയില്‍ വിജയിക്കുന്ന രാഹുല്‍ വയനാട് ഒഴിഞ്ഞാല്‍ ലീഗ് വയനാട്ടിനായി വീണ്ടും അവകാശവാദം ഉന്നയിക്കും. ഇതും കോണ്‍ഗ്രസ്സ് നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. പ്രിയങ്കയെ രംഗത്തിറക്കിയാല്‍ വയനാടിനായുള്ള ലീഗ് വാദത്തെയും മറികടക്കാന്‍ കഴിയുമെന്നാണ് കെ.സി വേണുഗോപാല്‍ കരുതുന്നത്.

2009-ലെ പിറവി മുതല്‍ വയനാട് ലോക്സഭാ മണ്ഡലം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പതിവായി മത്സരിച്ച് തോറ്റിരുന്ന എം.ഐ ഷാനവാസിനെ വിജയിപ്പിച്ച മണ്ഡലമാണിത്. എന്‍.സി.പി സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്‍ ഒരുലക്ഷത്തോളം വോട്ട് പിടിച്ചിട്ടു പോലും ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വയനാട്ടില്‍ നിന്നും വിജയിച്ച ചരിത്രമാണ് ഷാനവാസിനുള്ളത്. എന്നാല്‍, 2014-ലെ തിരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിലേക്കാണ് കൂപ്പ്കുത്തിയിരുന്നത്. ഇപ്പോഴത്തെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ അന്ന് സ്വതന്ത്രനായി മത്സരിച്ച് 37,123 വോട്ടുകളും പിടിച്ചിരുന്നു എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.

രാഹുല്‍ വയനാട് ഒഴിഞ്ഞാല്‍ പ്രിയങ്കയല്ലാതെ പകരക്കാരനായി ഏത് കോണ്‍ഗ്രസ് നേതാവിനെ ഇറക്കിയാലും കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാവും. രാഹുലിനെതിരെ വയനാട്ടില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ച ആനി രാജയെ തന്നെ വീണ്ടും ഇടതുപക്ഷം രംഗത്തിറക്കിയാല്‍ വലിയ രാഷ്ട്രീയ അട്ടിമറിക്കും സാധ്യത ഏറെയാണ്. പ്രിയങ്കയല്ല ആര് വന്നാലും ഇത്തരമൊരു വെല്ലുവിളി ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ യു.ഡി.എഫിന് നേരിടേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍ രാഹുല്‍ വയനാടിനെ വഞ്ചിച്ചെന്ന പ്രചരണവും ആനിരാജക്കാണ് ഗുണകരമാകുക.

മാത്രമല്ല ക.കെ ഷൈലജ, കെ. രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, മുകേഷ് എന്നീ നാല് എം.എല്‍.എമാര്‍ മത്സരിച്ചതിനാല്‍, ഇവരില്‍ ആര് വിജയിച്ചാലും അതാത് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകും. വയനാട്ടിലെ തിരഞ്ഞെടുപ്പും നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരുമിച്ചാവാനാണ് സാധ്യത. ഇത് ഇടത് മുന്നണിക്കാവും ഏറ്റവും ഗുണകരമാവുക. വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിച്ച് പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അത് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് വന്‍ പ്രഹരമാകും.

വിജയിക്കുകയാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ അവസാനവാക്ക് കെ.സി വേണുഗോപാലിന്റേതായി മാറുകയും ചെയ്യും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി രമേശ് ചെന്നിത്തലയെ വെട്ടിനിരത്തിയ കെ.സിക്ക് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അനാഥമായ എ ഗ്രൂപ്പ് ഒരിക്കലും ഭീഷണിയാകുകയില്ല. എ ഗ്രൂപ്പിലെ പ്രധാനികളായിരുന്ന ടി സിദ്ധിഖും ഷാഫി പറമ്പിലും നിലവില്‍ കെ.സിയുടെ ചേരിയിലാണ് ഉള്ളത്. ഇവര്‍ക്കു പുറമെ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും ബെന്നിബെഹ്നാനും കെ.സി ജോസഫും ഉള്‍പ്പെടെ കെ.സിക്ക് ഒപ്പം നില്‍ക്കാനാണ് സാധ്യത.

 

wayanadu