wayanad or raebareli rahul gandhis decision on monday
ഡൽഹി: രാഹുൽ ഗാന്ധി ഏത് ലോക്സഭാ മണ്ഡലം നിലനിർത്തുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ചയോടെ വ്യക്തമാകും.അന്തിമ തീരുമാനം എന്തായാലും രാഹുൽ ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.
റായ്ബറേലി നിലനിർത്തണമെന്ന പാർട്ടിയിലെ വികാരം രാഹുൽ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന വയനാട്ടിൽ തുടരുമോ എന്നതാണ് ഇനി അറിയാനുള്ളത്.ഫലം വന്ന് 14 ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നതിനാൽ ചെവ്വാഴ്ച കാലാവധി കഴിയും. തീരുമാനം നാളെയോ മറ്റന്നാളോ വരും.
അതെസമയം രാഹുൽ വയാനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയതോടെ റായ്ബറേലിക്ക് തന്നെയാണ് അവസാന ചർച്ചകളിലും സാധ്യത. രാഹുൽ റായബറേലിയിൽ നിൽക്കണമെന്ന് ഉത്തരേന്ത്യൻ നേതാക്കളും, വയനാട്ടിൽ നിന്ന് പോകരുതെന്ന് കേരളനേതാക്കളും ആവർത്തിച്ച് ആവശ്യപ്പെടുന്നു.
രാഹുൽ ഒഴിയുന്നത് ഏത് മണ്ഡലമാണോ അവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിൻറെ പ്രതികരണം പ്രിയങ്കയുടെ മത്സര സാധ്യതയായി കാണുന്നുണ്ട്.
മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തിനെതിരെ രാഹുൽ വിമർശനമുയർത്തിയതോടെ ഒരാൾ കൂടി ഗാന്ധി കുടുംബത്തിൽ നിന്ന് വന്നാൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. മത്സരിക്കാനില്ലന്ന മുൻ നിലപാടിൽ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേ സമയം സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും. പാർട്ടിയിലെയും, ഇന്ത്യ സഖ്യത്തിലെയും നേതാക്കളുടെ സമ്മർദ്ദം രാഹുലിന് മേൽ ശക്തമാണ്. തൽക്കാലം മറ്റ് പേരുകളൊന്നും ചർച്ചയിലില്ലെന്ന് നേതാക്കൾ പറയുമ്പോൾ, ഇത്രയും അനുകൂല സാഹചര്യമായിട്ടും അനിശ്ചിതത്വം ഉണ്ടാക്കുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.