/kalakaumudi/media/media_files/2025/11/21/kolakatta-2025-11-21-17-08-27.jpg)
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചനനം. രാവിലെ പത്ത് മണിയോടെയാണ് കൊല്‍ക്കത്ത നഗരത്തിലും പശ്ചിമബംഗാളിലെ മറ്റ് ഭാഗങ്ങളിലും ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.ഇതിനുപിന്നാലെയാണ് ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന പശ്ചിമ ബംഗാളിലും ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ നര്‍സിംഗ്ഡയില്‍ നിന്ന് 13 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറ് മാറിയാണ്. ഭൂചലനം പശ്ചിമ ബംഗാളിലാകെ കനത്ത പരിഭ്രാന്തിപ്പരത്തി. ജനങ്ങള്‍ വീട്, ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഓടിമാറി തുറസ്സായ സ്ഥലങ്ങളില്‍ ഒത്തുകൂടിയിരിക്കുകയാണ്. ജനസാന്ദ്രത ഏറെയുള്ള നഗരമാണ് കൊല്‍ക്കത്ത.
ഭൂചലനത്തിന്റെ തീവ്രത വിവരിച്ചുകൊണ്ട്, നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരനഗറില്‍ നിന്നുള്ള പിആര്‍ പ്രൊഫഷണലായ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു: ''ഞാന്‍ ഒരു കോണ്‍ഫറന്‍സ് കോളിലായിരുന്നു. പെട്ടെന്ന്, ഞാനിരുന്ന സോഫ കുലുങ്ങുന്നതായി തോന്നി, നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഒരു ഭൂകമ്പമാണെന്ന് എനിക്ക് മനസ്സിലായി. ആദ്യമായി, ഇത്രയും ശക്തമായ ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നത്'. ഭൂചലനം 30 സെക്കന്‍ഡിലേറെ നീണ്ടുനിന്നുവെന്ന് അലിപൂരിലുള്ള രവീന്ദ്ര സിംഗ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
