/kalakaumudi/media/media_files/2025/11/18/cv-2025-11-18-06-22-16.jpg)
കൊല്‍ക്കത്ത: ബിജെപിയിലെ കുറ്റവാളികളെ ഗവര്‍ണര്‍ സംരക്ഷിക്കുന്നു എന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപിയുടെ ആരോപണത്തെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്ന് രാജ്ഭവനില്‍ തിരച്ചില്‍ നടത്തി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്.
തിങ്കളാഴ്ച, തന്റെ ഉത്തര ബംഗാള്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ഗവര്‍ണര്‍ രാജ്ഭവന്‍ വളപ്പില്‍ നടന്ന അസാധാരണ തിരച്ചിലിന് നേതൃത്വം നല്‍കിയത്. പരിശോധന തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
രാജ്ഭവന്‍ വളപ്പിനുള്ളില്‍ ആയുധങ്ങളും കുറ്റവാളികളുമുണ്ട് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെ അസാധാരണ നീക്കം. ശ്രീറാംപുരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കല്യാണ്‍ ബാനര്‍ജി ഗവര്‍ണര്‍ക്കെതിരെ ആരോപണമുന്നയിച്ചത്.
'എനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതവും തെറ്റാണെന്നും സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു നടപടി ആവശ്യമായി വന്നത്. ഞാന്‍ തീര്‍ച്ചയായും ബാനര്‍ജിക്കെതിരെ നിയമനടപടി സ്വീകരിക്കും.' ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് ഒദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. തിരച്ചിലില്‍ കൊല്‍ക്കത്ത പോലീസ്, രാജ്ഭവന്‍ പൊലീസ് ഔട്ട്പോസ്റ്റ്, സിആര്‍പിഎഫ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരടങ്ങിയ സംയുക്ത സംഘം പങ്കെടുത്തു. സുരക്ഷയ്ക്കായി കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ്, സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തുണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
