ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ

കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്.

author-image
Biju
New Update
sir

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 58 ലക്ഷം പേരെ ഒഴിവാക്കി എസ്‌ഐആര്‍ കരടു പട്ടിക.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറാനിടയുള്ള സംഭവമാണിത്. 24 ലക്ഷം പേര്‍ 'മരിച്ചു' എന്നും 19 ലക്ഷം പേര്‍ 'താമസം മാറി' എന്നും 12 ലക്ഷം പേര്‍ 'കാണാനില്ല' എന്നും 1.3 ലക്ഷം പേര്‍ 'ഇരട്ടവോട്ടുകള്‍' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിക്കുന്നു. കരട് പട്ടികയില്‍ നിന്ന് അന്യായമായി പേരുകള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാം. ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. 2002 ലാണ് ബംഗാളില്‍ ഏറ്റവും ഒടുവില്‍ എസ്ഐആര്‍ നടത്തിയത്.

കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്‍ എസ്ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി തുടക്കം മുതല്‍ എസ്‌ഐആര്‍ പ്രക്രിയയ്ക്ക് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ എസ്ഐആറിലൂടെ വെട്ടിമാറ്റാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.

ബംഗാളിലെ കൃഷ്ണനഗറില്‍ നടന്ന റാലിയില്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്താല്‍ തെരുവിലിറങ്ങാന്‍ മമത ബാനര്‍ജി ജനങ്ങളോട് ആഹ്വാനം ചെയ്തു. 'എസ്ഐആറിന്റെ പേരില്‍ നിങ്ങള്‍ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുമോ? തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ദില്ലിയില്‍ നിന്ന് പൊലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകള്‍ വെട്ടിക്കളഞ്ഞാല്‍, നിങ്ങള്‍ക്ക് ശക്തിയുണ്ട്, അല്ലേ? നിങ്ങളുടെ പേരുകള്‍ വെട്ടിക്കളഞ്ഞാല്‍ നിങ്ങള്‍ അത് പാസാക്കാന്‍ അനുവദിക്കില്ല, അല്ലേ? സ്ത്രീകള്‍ മുന്നില്‍ പോരാടും. പുരുഷന്മാര്‍ അവര്‍ക്കു പിന്നില്‍ അണിനിരക്കും'- എന്നാണ് മമത ബാനര്‍ജി പറഞ്ഞത്.

അതേസമയം അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മമത ബാനര്‍ജി എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്ന് ബിജെപി ആരോപിച്ചു. മരിച്ചവരുടെയും വ്യാജ വോട്ടര്‍മാരുടെയും നിയമവിരുദ്ധ വോട്ടര്‍മാരുടെയും പേരുകള്‍ നീക്കം ചെയ്താല്‍ അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന് മമത ബാനര്‍ജി കോലാഹലം സൃഷ്ടിക്കുകയാണ്. ബിജെപിയുമായി തൃണമൂലിന് 22 ലക്ഷം വോട്ടുകളുടെ വ്യത്യാസമേയുള്ളൂവെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ജോലി സമ്മര്‍ദ്ദം മൂലം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒമാര്‍) ജീവനൊടുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്ന് മമത പറഞ്ഞു. 

രാജസ്ഥാന്‍, ?ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് വോട്ടര്‍ പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റില്‍ പേരുണ്ടോയെന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടിക കൈമാറും. ഒഴിവാക്കിയവരുടെ പട്ടികയും പ്രസിദ്ധീകരിക്കും.