/kalakaumudi/media/media_files/2025/04/07/Mmko1xk1YgiSR5lmkCYQ.jpg)
മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം സമാപനം ഏപ്രില്‍ 6, ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ് ജോണ്‍സ് സ്ക്കൂള്‍ ഹാളില്‍ വച്ച് നടന്നു. മേഖല പ്രസിഡന്റ് ഗീത ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ഗായകരും സാംസ്കാരിക പ്രവര്‍ത്തകരുമായ എല്‍.എന്‍.വേണുഗോപാലനും സുഷമ വേണുഗോപാലനും മുഖ്യാതിഥികളായിരുന്നു. മേഖല വൈസ് പ്രസിഡന്റ് സേവ്യര്‍ സ്വാഗതമാശംസിച്ചു. നാം ജാതി മത വികാരങ്ങള്‍ക്ക് അതീതമായി ചിന്തിക്കണമെന്നും എല്ലാവരെയും മനുഷ്യരായി കണ്ടു പെരുമാറണമെന്നും തന്‍റെ പ്രസംഗത്തില്‍ എല്‍.എന്‍. വേണുഗോപാലന്‍ ഊന്നി പറഞ്ഞു. കഴിഞ്ഞ പതിമൂന്നു കൊല്ലമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ആരംഭം മുതല്‍ മലയാളോത്സവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല മനുഷ്യനായി ജീവിച്ച് നല്ല മനുഷ്യനായി മരിക്കണം എന്നുള്ളതാകണം ജീവിത സിദ്ധാന്തമെന്ന് സുഷമ വേണുഗോപാലന്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. മലയാളം മിഷന്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു., മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റീന സന്തോഷും മലയാള ഭാഷാ പ്രചാരണ സംഘം മുഖപത്രം പത്രാധിപര്‍ ഗിരിജാവല്ലഭനും മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവതരണം ചെയ്യാനുള്ള കരുത്ത് നേടേണ്ടതിനെക്കുറിച്ചും സംസാരിച്ചു. മേഖല മലയാളോത്സവം സംഘാടകസമിതി കണ്‍വീനര്‍ ബാബു കൃഷ്ണന്‍, മേഖല കണ്‍വീനര്‍ പ്രദീപ്കുമാര്‍ തുടങ്ങിയവരും വേദി പങ്കിട്ടു. പശ്ചിമ മേഖലയില്‍ നിന്ന് മലയാളം മിഷന്‍റെ ആദ്യ നീലക്കുറിഞ്ഞി പരീക്ഷ പാസായ ശ്രേയസ് രാജേന്ദ്രന്‍, ഹരികൃഷ്ണന്‍ സത്യന്‍, ആയുഷ് രാഘവന്‍, ഗോപിക എസ്. നായര്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. സമാപന സമ്മേളനത്തിന് ശേഷം മേഖലയിലെ വിവിധ സംഘടനകളിലെ കലാകാരന്മാരും കലാകാരികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് പതിമൂന്നാം മേഖല മലയാളോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ടീം ചാമ്പ്യന്‍ ഷിപ്പ് നേടിയ സഹാര്‍ മലയാളി സമാജത്തിന്‍റെ പ്രതിനിധികളും ടീം അംഗങ്ങളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. കാന്തിവലി മലയാളി സമാജം ടീം അംഗങ്ങള്‍ റണ്ണര്‍ അപ്പ് ചാമ്പ്യന്‍ ഷിപ്പ് ഏറ്റുവാങ്ങി. റീന സന്തോഷ് പരിപാടികള്‍ നിയന്ത്രിച്ചു.