ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പും വോട്ടെണ്ണലും സെപ്റ്റംബര്‍ 9ന്

ആരാകും ധന്‍കറിന്റെ പിന്‍ഗാമിയെന്നതില്‍ ചര്‍ച്ച തുടരുകയാണ്. എന്‍ഡിഎയും ഇന്ത്യാ സഖ്യവും അനുയോജ്യരായ സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്.

author-image
Biju
New Update
vice

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. സെപ്റ്റംബര്‍ 9നാണ് തിരഞ്ഞെടുപ്പ്.  ജൂലൈ 21ന് ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കും. പത്രികകള്‍ പിന്‍വലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബര്‍ 9ന്. 2022ല്‍ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ആരാകും ധന്‍കറിന്റെ പിന്‍ഗാമിയെന്നതില്‍ ചര്‍ച്ച തുടരുകയാണ്. എന്‍ഡിഎയും ഇന്ത്യാ സഖ്യവും അനുയോജ്യരായ സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ ഉപരാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു. ഓഗസ്റ്റ് 21നാണ് നിലവിലെ സമ്മേളനം അവസാനിക്കുക. 

റിട്ടേണിങ് ഓഫിസറായി രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയെ കഴിഞ്ഞ ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിരുന്നു. രാജ്യസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്‍, ഡയറക്ടര്‍ വിജയ് കുമാര്‍ എന്നിവരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍.

ഭരണഘടനയുടെ 66ാം അനുച്ഛേദം അനുസരിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം. കുറഞ്ഞത് 35 വയസ് പ്രായം ഉണ്ടായിരിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഏതെങ്കിലും പദവി വഹിക്കാന്‍ പാടില്ല.

 

Vice President of India