കോള്‍ഡ് സ്‌ട്രൈക്ക് ഡോക്ടറൈന്‍ നടപ്പിലാക്കാന്‍ രുദ്ര ബ്രിഗേഡ്

മുമ്പ് ഇന്ത്യ ആവിഷ്‌കരിച്ച സൈനിക തന്ത്രമായിരുന്നു കോള്‍ഡ് സ്റ്റാര്‍ട്ട്. ഇതിന് പകരമായിട്ടാണ് കോള്‍ഡ് സ്‌ട്രൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്. സൈന്യം പുതിയതായി രൂപം നല്‍കിയ രുദ്ര ബ്രിഗേഡാണ് കോള്‍ഡ് സ്‌ട്രൈക്ക് തന്ത്രത്തിന്റെ ഭാഗമായുള്ള ആക്രമണങ്ങള്‍ നടത്തുക

author-image
Biju
New Update
cold

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെ നേരിടാന്‍ ശക്തമായ നടപടിയുമായി ഇന്ത്യ. കോള്‍ഡ് സ്‌ട്രൈക്ക് എന്ന സൈനിക തന്ത്രത്തിനാണ് ഇന്ത്യ രൂപം നല്‍കിയിരിക്കുന്നത്. മുമ്പ് ഇന്ത്യ ആവിഷ്‌കരിച്ച സൈനിക തന്ത്രമായിരുന്നു കോള്‍ഡ് സ്റ്റാര്‍ട്ട്. ഇതിന് പകരമായിട്ടാണ് കോള്‍ഡ് സ്‌ട്രൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്. സൈന്യം പുതിയതായി രൂപം നല്‍കിയ രുദ്ര ബ്രിഗേഡാണ് കോള്‍ഡ് സ്‌ട്രൈക്ക് തന്ത്രത്തിന്റെ ഭാഗമായുള്ള ആക്രമണങ്ങള്‍ നടത്തുക

2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെയാണ് കോള്‍ഡ് സ്റ്റാര്‍ട്ടിന് രൂപം നല്‍കിയത്. പാര്‍ലമെന്റ് ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ കൊണ്ടുവന്ന ഓപ്പറേഷന്‍ പരാക്രം എന്ന സൈനിക വിന്യാസത്തിന് ഏകദേശം രണ്ട് മാസത്തോളം എടുത്തു. ഈ കാലതാമസം പാകിസ്താന് പ്രതിരോധിക്കാന്‍ സമയം നല്‍കുകയും അന്താരാഷ്ട്ര സമ്മര്‍ദ്ദം കാരണം ഇന്ത്യക്ക് ഫലപ്രദമായി തിരിച്ചടിക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കാനും വേഗത്തില്‍ ശിക്ഷാ നടപടി സ്വീകരിക്കാനുമുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് കോള്‍ഡ് സ്റ്റാര്‍ട്ട് എന്ന സൈനിക തന്ത്രം ആവിഷ്‌കരിച്ചത്.

ഒരു പ്രകോപനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍, അന്താരാഷ്ട്ര സമ്മര്‍ദ്ദം തടസ്സപ്പെടുത്തുന്നതിനുമുമ്പ്, ശത്രുരാജ്യത്തേക്ക് വേഗത്തിലും പരിമിതവുമായ പരമ്പരാഗത ആക്രമണങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തമാക്കുക എന്നതായിരുന്നു  ലക്ഷ്യം. എന്നാല്‍, ഭരണം മാറിയതോടെ ഈ തന്ത്രം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ ഒഴിവാക്കപ്പെട്ടു. ഈ പാഠങ്ങളില്‍നിന്നാണ് രുദ്ര ബിഗേഡും കോള്‍ഡ് സ്‌ട്രൈക്കും രൂപം കൊണ്ടത്.

കാലാള്‍പ്പട, കവചിത യൂണിറ്റുകള്‍, മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി, പീരങ്കിപ്പട, എയര്‍ ഡിഫന്‍സ് ആര്‍ട്ടിലറി, സ്‌പെഷ്യല്‍ ഫോഴ്‌സസ്, കൂടാതെ ഡ്രോണുകളും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്ന ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പാണ് രുദ്ര. അതായത്  പോരാട്ടത്തിന് വേണ്ട എല്ലാ അടിസ്ഥാന ഘടകങ്ങളും ഉള്ള സൈനിക വിഭാഗമാണ് രുദ്ര. അതുകൊണ്ട് തന്നെ പ്രത്യാക്രമണത്തിന് പ്രത്യേകം സജ്ജമാകാനായി കാത്തിരിക്കേണ്ടതില്ല.

ഏത് സമയത്തും യുദ്ധത്തിന് സജ്ജമായിരിക്കുക എന്നതാണ്  തത്വം. തരം പോലെ ഘടന മാറ്റാനുള്ള കഴിവ്, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, സംയുക്ത സൈനിക നീക്കങ്ങള്‍ക്കുള്ള പരിശീലനം എന്നിവ രുദ്ര ബ്രിഗേഡിനെ ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് ആശയത്തിന്റെ ഏറ്റവും പുതിയ പതിപ്പായി മാറ്റുന്നു. ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പുകളുടെ അടിസ്ഥാന തത്വങ്ങളെല്ലാം പാലിക്കുന്നതും,

അതിലേറെ സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന പുതിയ തലമുറയിലെ യുദ്ധ യൂണിറ്റ് ആണ് രുദ്ര ബ്രിഗേഡ്. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ശിവന്റെ ഉഗ്രമായ രൂപത്തിനെയാണ് രുദ്രന്‍ എന്ന് വിളിക്കുന്നത്. ഇതില്‍നിന്നാണ് ബ്രിഗേഡിന് പേര് കടംകൊണ്ടത്. ഇത് ഈ യൂണിറ്റിന്റെ ശക്തിയെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു.

പഴയ കോള്‍ഡ് സ്റ്റാര്‍ട്ട് സൈനിക തന്ത്രത്തെ പരിഷ്‌കരിച്ച് ആധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളുമുപയോഗിച്ചുള്ള പ്രത്യാക്രമണ സംവിധാനമാണ് രുദ്ര ബ്രിഗേഡിന്റെ അടിസ്ഥാന ദൗത്യമായ കോള്‍ഡ് സ്‌ട്രൈക്ക്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍, സംയോജിത വ്യോമാക്രമണം, ദീര്‍ഘദൂര കൃത്യതയുള്ള പീരങ്കികള്‍, ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കൃത്യമായ ആക്രമണം തുടങ്ങിയവ ഉള്‍ക്കൊള്ളിക്കുന്ന ഹൈബ്രിഡ് യുദ്ധ തന്ത്രമാണ് കോള്‍ഡ് സ്‌ട്രൈക്ക്.

ശത്രുക്കള്‍ക്ക് പ്രതിരോധത്തിനായി സമയം നല്‍കാതെ വേഗത്തിലും നിര്‍ണ്ണായകവുമായ പ്രത്യാക്രമണമാണിത്. വേഗത്തില്‍ അത്യധികം ആഴമേറിയ ആക്രമണം ശത്രുവിന് നല്‍കുക എന്നതാണ് ലക്ഷ്യം. ഡിജിറ്റൈസ് ചെയ്ത കമാന്‍ഡ് നെറ്റ്വര്‍ക്കുകള്‍, തത്സമയ യുദ്ധമുന്നണിയിലെ വിവരങ്ങളുടെ സംയോജനം, മൊബൈല്‍ കവചിത യൂണിറ്റുകള്‍ എന്നിവ ഉപയോഗിച്ച്, രുദ്ര ബ്രിഗേഡിന് സംഘര്‍ഷം നീട്ടിക്കൊണ്ടുപോവാതെ ആക്രമണങ്ങള്‍ നടത്താനാകും.

ഇന്റലിജന്‍സ് വിവരങ്ങളുടെ സഹായത്തോട ലോയിറ്ററിംഗ് മ്യൂണിഷന്‍സ്, കൃത്യതയുള്ള ഗൈഡഡ് പീരങ്കികള്‍, രുദ്ര, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സംയോജിത ആക്രമണമാവും അതിര്‍ത്തിയില്‍ നടത്തുക. തുടര്‍ച്ചയായി നടത്തുന്ന സംയോജിത ആക്രമണത്തെ പ്രതിരോധിക്കാനുള്ള സമയം ഏതിരാളിക്ക് ഇതിലൂടെ ലഭിക്കാതെ പോകുന്നു. ഭീഷണികളെ നിര്‍വീര്യമാക്കാനും ശത്രുവിന്റെ കഴിവുകള്‍ കുറയ്ക്കാനും വേഗതയിലൂടെയും കൃത്യതയിലൂടെയും പ്രതിരോധം സ്ഥാപിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.