മുഡാ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ഹര്‍ജി തള്ളി

ത്തരം രാഷ്ട്രീയപ്രേരിതമായ വാദങ്ങളില്‍ ദയവായി ഹര്‍ജിയുമായി തങ്ങളുടെ മുന്നില്‍ വരരുതെന്നും അല്ലെങ്കില്‍, ഇഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും' എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു

author-image
Biju
New Update
muda

ന്യൂഡല്‍ഹി: മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമന്‍സിന് കര്‍ണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയതിനെതിരെ ഇ ഡി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 

'രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക്' എന്തിനാണ് ഇത്തരം വാദങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഇ ഡിയോട് സുപ്രീം കോടതി ചോദിച്ചു. കേസ് പരിഗണിച്ചയുടനെ, ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഇ ഡിയോട് ചോദ്യങ്ങള്‍ ചോദിട്ടത്. ഇത്തരം രാഷ്ട്രീയപ്രേരിതമായ വാദങ്ങളില്‍ ദയവായി ഹര്‍ജിയുമായി തങ്ങളുടെ മുന്നില്‍ വരരുതെന്നും അല്ലെങ്കില്‍, ഇഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും' എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

താന്‍ മഹാരാഷ്ട്രയില്‍ ജഡ്ജിയായിരുന്നപ്പോള്‍ ഇത്തരം രാഷ്ട്രീയ പ്രേരിത വാദങ്ങള്‍ തനിക്ക് മുന്നില്‍ വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ആരാപണ പ്രത്യാരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലാണ് അവതരിപ്പിക്കേണ്ടതെന്നും ഇ ഡി പോലുള്ള അന്വേഷണ ഏജന്‍സികളെ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കതെന്നും ജസ്റ്റിസ് ചോദിച്ചു. 

പണ്ഡിതനായ സിംഗിള്‍ ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച ന്യായവാദത്തില്‍ ഞങ്ങള്‍ക്ക് ഒരു തെറ്റും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കോടതി നിരിക്ഷിച്ചു. കേസിന്റെ പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഞങ്ങള്‍ അത് തള്ളിക്കളയുന്നും കോടതി പറഞ്ഞു.

മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ)യുടെ സ്ഥലം പാര്‍വതി ചട്ടവിരുദ്ധമായി കയ്യടക്കിയെന്നാണ് കേസ്. മൈസൂരുവില്‍ പാര്‍വതിക്ക് സ്വന്തമായുണ്ടായിരുന്ന 3.16 ഏക്കര്‍ സ്ഥലത്തിന് പകരമായി കൂടുതല്‍ വിലയുള്ള പ്രദേശത്തെ പ്ലോട്ടുകള്‍ മുഡ അനുവദിച്ചുവെന്നാണ് ആരോപണം. മുഡയുടെ 14 സൈറ്റുകള്‍ പാര്‍വതിക്ക് അനധികൃതമായി നല്‍കി. 

തരിശുനിലം വാങ്ങിയ ശേഷം അതിനു പകരമായി 50 ശതമാനം വികസിപ്പിച്ച ഭൂമി നല്‍കി എന്നിങ്ങനെയാണ് ആരോപണങ്ങള്‍. 4000 മുതല്‍ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണത്തിനായി മുന്‍ ഹൈക്കോടതി ജഡ്ജി പി.എന്‍.ദേശായിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. മലയാളി ആക്ടിവിസ്റ്റുകളായ ടി.ജെ.ഏബ്രഹാം, സ്‌നേഹമയി കൃഷ്ണ, പ്രദീപ്കുമാര്‍ എസ് പി എന്നിവരാണ് പരാതിക്കാര്‍.

MUDA case