നിതീഷ് മുഖ്യമന്ത്രിയാകുമോ?; ബിഹാറില്‍ നാടകീയനീക്കങ്ങള്‍

ബിജെപി ബിഹാറില്‍ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വീണ്ടും ചര്‍ച്ച ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ, പ്രചാരണത്തിനിടെ അമിത് ഷായോട് ആരാകും മുഖ്യമന്ത്രി എന്ന കാര്യം ചോദിച്ചിരുന്നു

author-image
Biju
New Update
NITISH

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ വിജയത്തിനു പിന്നാലെ ആരാകും അടുത്ത മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിലും ആകാംക്ഷ. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നു പറയപ്പെടുമ്പോഴും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. 'നിതീഷ് മുഖ്യമന്ത്രിയായി തുടരും' എന്ന് ജെഡിയുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍നിന്ന് ഇന്ന് ഉച്ചയോടെ പോസ്റ്റ് ഇട്ടിരുന്നു. മിനിറ്റുകള്‍ക്കകം ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ, അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. 

ബിജെപി ബിഹാറില്‍ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വീണ്ടും ചര്‍ച്ച ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ, പ്രചാരണത്തിനിടെ അമിത് ഷായോട് ആരാകും മുഖ്യമന്ത്രി എന്ന കാര്യം ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കും എന്ന മറുപടിയാണ് നല്‍കിയത്. പിന്നീട്, നരേന്ദ്ര മോദി 'നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുക' എന്നു പറഞ്ഞെങ്കിലും നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നില്ല. 

മഹാരാഷ്ട്രയില്‍ ബിജെപി സ്വീകരിച്ച തന്ത്രം ബിഹാറിലുമുണ്ടാകുമോ എന്ന കാര്യത്തിലാണ് ആകാക്ഷ. 2024ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തിയതോടെ ഷിന്‍ഡെയെ തള്ളി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി. 

സമാനമായ സാഹചര്യം ബിഹാറിലുമുണ്ട്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ണുവയ്ക്കുന്നത്. ബിഹാറില്‍ ജെഡിയുവിനെ മാറ്റിനിര്‍ത്തി പാര്‍ട്ടിയില്‍ നിന്നൊരു മുഖ്യമന്ത്രിയെ ബിജെപി ആഗ്രഹിക്കുന്നുണ്ട്. ജെഡിയുവിന്റെ മുന്നണിയിലെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കം സീറ്റ് പങ്കുവയ്ക്കല്‍ സമയം മുതല്‍ ബിജെപി നടത്തിയിട്ടുണ്ട്. 

ബിഹാര്‍ രാഷ്ട്രീയത്തില്‍ ആഴത്തില്‍ സ്വാധീനമുള്ള നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കല്‍, മഹാരാഷ്ട്രയിലേതു പോലെ എളുപ്പമാകില്ല. വലിയ ജനവിഭാഗത്തിന്റെ പിന്തുണ നിതീഷിനുണ്ട്. സ്ത്രീകള്‍ക്ക് 10,000 രൂപ നല്‍കല്‍ പോലെയുള്ള നിതീഷ് കുമാറിന്റെ പല തീരുമാനങ്ങളും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എതിര്‍പക്ഷത്തു ചെന്നും സഖ്യമുണ്ടാക്കാന്‍ യാതൊരു മടിയും ഇല്ലാത്തയാളാണ് നിതീഷ് കുമാര്‍ എന്നതും ബിജെപിയുടെ നീക്കങ്ങള്‍ ജാഗ്രതയോടെയാക്കും.