ബിസിസിഐയുടെ അടുത്ത പ്രസിഡൻറായി ബാറ്റിംഗ് ഇതിഹാസം എത്തുമോ?, ചർച്ചകൾ സജീവം

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

author-image
Devina
New Update
sachin


മുംബൈ: ബിസിസിഐ പ്രസിഡൻറ് സ്ഥാനത്തേക്ക് റോജർ ബിന്നിയുടെ പിൻഗാമിയായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പേരും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. റോജർ ബിന്നി ബിസിസിഐ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതോടെ വൈസ് പ്രസിഡൻറായ രാജീവ് ശുക്ലയാണ് നിലവിൽ പ്രസിഡൻറിൻറെ ചുമതലകൾ വഹിക്കുന്നത്. എന്നാൽ ഈ മാസം അവസാനം നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിന് മുമ്പ് സച്ചിൻ ടെൻഡുൽക്കറെ അടുത്ത ബിസിസിഐ പ്രസിഡൻറാക്കാനുള്ള അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുവെന്നാണ് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തത്.പ്രസിഡൻറിന് പുറമെ വൈസ് പ്രസിഡൻറ്, സെക്രട്ടറി, ജോയിൻറ് സെക്രട്ടറി, ട്രഷറർ, ഐപിഎൽ ചെയർമാൻ എന്നീ പദവികളിലേക്കും വാർഷിക ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാവർക്കും സ്വീകാര്യനായ സച്ചിൻറെ കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ശ്രമം. ഇന്ത്യൻ ടീമിൻറെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിനുമായി ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ബോർഡ് പ്രതിനിധികൾ നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിന് സച്ചിൻ എന്ത് മറുപടിയാണ് നൽകിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.കായിക സംഘടനകളുടെ ചുമതല മുൻ താരങ്ങളെ തന്നെയേൽപ്പിക്കുന്നതിനോട് കേന്ദ്ര സർക്കാരിനും ഇപ്പോൾ അനുകൂല നിലപാടാണുള്ളത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറായി പി ടി ഉഷയെ നിയമിച്ചതും ഇതിൻറെ ഭാഗമായാണ്. കായിക സംഘടനകളെ നയിക്കാൻ മുൻ താരങ്ങൾ തന്നെ വരുന്നത്, സംഘടനകളുടെ വിശ്വാസ്യത കൂട്ടുമെന്നാണ് കേന്ദ്രത്തിൻറെ നിലപാട്. ഗുസ്തി അസോസിയേഷൻ പ്രസിഡൻറായിരുന്ന ബ്രിജ് ഭൂഷൺ ശരൺസിംഗിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ കേന്ദ്രസർക്കാരിൻ വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സച്ചിനെപ്പോലെ ആദരണീയനായ ഒരു വ്യക്തിത്വം ബിസിസിഐയുടെ തലപ്പത്ത് വരുന്നത് ബിസിസിഐയുടെ പ്രതിച്ഛായ ഉയർത്തുമെന്നാണ് ബിസിസിഐയുടെ നിലപാട്.സച്ചിൻറെ സഹതാരമായിരുന്ന സൗരവ് ഗാംഗുലി 2019-22 കാലയളവിൽ ബിസിസിഐ പ്രസിഡൻറായിരുന്നു. ഗാംഗുലിയുടെ പിൻഗാമിയായി 1983ലെ ലോകകപ്പ് ഹീറോ ആയ റോജർ ബിന്നിയാണ് ബിസിസിഐയെുടെ തലപ്പത്തെത്തിയത്. ഇതിൻറെ തുടർച്ചയായാണ് സച്ചിനെയും പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സച്ചിൻറെ നിലപാടാവും നിർണായകമാകുക. ഗാംഗുലിയെയോ റോജർ ബിന്നിയെയോ പോലെ ക്രിക്കറ്റ് ഭരണരംഗത്ത് ഇതിന് മുമ്പ് ചുമതലകളൊന്നും സച്ചിൻ വഹിച്ചിട്ടില്ല. വിരമിച്ചശേഷം മുംബൈ ഇന്ത്യൻസിൻറെ മെൻറർ പദവി വഹിച്ചതും മിഡിൽസെക്സ് ഗ്ലോബൽ അക്കാദമിയുടെ ചുമതലയിൽ ഇരുന്നതും മാത്രമാണ് സച്ചിൻറെ ഭരണപരമായ പരിചയം. പിന്നീട് ഐസിസി ടൂർണമെൻറുകളിൽ അപൂർവമായി കമൻറേറ്ററായും സച്ചിൻ എത്തിയിട്ടുണ്ട്. 2023ൽ ഇന്ത്യ ടുഡേ കോൺക്ലേവിൽ ഗാംഗുലിയുടെ പിൻഗാമിയായി ബിസിസിഐ പ്രസിഡൻറാവുമോ എന്ന് സച്ചിനോട് ചോദിച്ചപ്പോൾ സച്ചിൻ നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു.ഞാൻ അധികം പേസ് ബൗളിംഗ് ചെയ്തിട്ടില്ല. പക്ഷെ സൗരവ് സ്വയം പേസറാണെന്ന് കരുതുന്ന ആളാണ്. ടൊറാൻറോയിൽ പാകിസ്ഥാനെതിരായ സഹാറ കപ്പിൽ സൗരവ് വിക്കറ്റെടുത്തപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് ശ്രമിച്ചാൽ ഒരു 140 കിലോ മീറ്റർ വേഗതയിലൊക്കെ എറിയാനാകുമെന്നാണ്. ഞാൻ തീർച്ചയായും നിനക്ക് പറ്റുമെന്ന് മറുപടി നൽകി. രണ്ട് ദിവസം കഠിനമായി പരിശീലിച്ചെങ്കിലും ഒടുവിൽ സൗരവ് 140 കിലോ മീറ്റർ വേഗത കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചു. അതിനുശേഷം അദ്ദേഹം ഒരിക്കലും 140 കിലോ മീറ്റർ വേഗതയെക്കുറിച്ച് പറഞ്ഞിട്ടില്ല. എനിക്കെന്തായാലും 140 കിലോ മീറ്റർ വേഗതയിൽ എറിയാനാവില്ല എന്നായിരുന്നു സച്ചിൻറെ മറുപടി.