വിവാഹതട്ടിപ്പ്;യുവതി പലരിൽ നിന്നായി തട്ടിയെടുത്തത് 1.25 കോടി രൂപ

പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

author-image
Subi
New Update
men

ന്യൂഡല്‍ഹി: വിവാഹതട്ടിപ്പ് നടത്തി പുരുഷന്മാരിൽ നിന്നും പണം കൈക്കലാക്കിയ യുവതി പിടിയിൽ. പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്നറിയപ്പെടുന്ന നിക്കി ആണ് പിടിയിലായത്.

2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.പിന്നീട് 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ് വെയർ എന്‍ജിനീയറെയാണ് സീമ വിവാഹം കഴിച്ചത്. ആ യുവാവുമായി വേര്‍പിരിഞ്ഞ ശേഷം സെറ്റില്‍മെന്റിന്റെ പേരില്‍ 10 ലക്ഷം രൂപ കൈപ്പറ്റി.

 

മൂന്നാമതായി 2023 ല്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ 36 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി വീട്ടില്‍ നിന്ന് സീമ ഒളിച്ചോടി. തുടർന്ന് കുടുംബം യുവതിക്കെതിരെ കൊടുത്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

ഇതേതുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് യുവതിയുടെ മുന്‍കാല തട്ടിപ്പുകള്‍ കൂടി പുറത്തുവന്നത്. സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് കണ്ടെത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞു. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നടത്തിയ തട്ടിപ്പിൽ 1.25 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

Marriage Fraud