മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഗര്‍ഭിണിയായ റിമാന്‍ഡ് തടവുകാരിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. ജയിലില്‍ പ്രസവിച്ചാല്‍ കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന കാരണത്താലാണ് ജാമ്യം. . ജസ്റ്റിസ് ഉമാ കോശിയുടെ സിംഗിള്‍ ബെഞ്ചാണ് പ്രതിക്ക് ആറ് മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചത് ഉത്തരവിട്ടത്.
2024 ഏപ്രിലിലാണ് സുര്‍ബി സോണി എന്ന യുവതി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്. റെയില്‍വേ സെക്യൂരിറ്റി ഫോഴ്‌സ് നടത്തിയ റെയ്ഡില്‍ ട്രെയിനില്‍ നിന്നാണ് മയക്കുമരുന്നുമായി സുര്‍ബി സോണിയെ അറസ്റ്റ് ചെയ്യുന്നത്. സോണിയുള്‍പ്പെടെ അഞ്ച് പേരെയാണ് അന്ന് മയക്കുമരുന്നുമായിപിടികൂടിയത്. 33 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അതിൽ ഏഴ് കിലോ സോണിയുടെ ബാഗില്‍ നിന്നാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സോണി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ജയിലിന് പുറത്ത് പ്രസവിക്കണമെന്നും മാനുഷിക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രോസിക്യൂഷന്‍ ജാമ്യത്തെ ശക്തമായി എതിർത്തു.ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാമെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും വാദിച്ചു. എന്നാല്‍ ജയിലില്‍ പ്രസവിക്കുന്നത് അമ്മയുടേയും കുട്ടിയുടേയും മാനസികാവസ്ഥയെ ബാധിക്കുമെന്നും മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു. മാത്രമല്ല, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.