ഡല്‍ഹിയില്‍ കനത്ത മഴ; യമുനയില്‍ ജലനിരപ്പ് ഉയരുന്നു

നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനിറങ്ങിയവരില്‍ ഭൂരിപക്ഷവും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി

author-image
Biju
New Update
de

ന്യൂഡല്‍ഹി:  കഴിഞ്ഞദിവസം നീണ്ടുനിന്ന മഴയില്‍ ഡല്‍ഹിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ബാബ ഘടക് സിങ് മാര്‍ഗ്, കിദ്വായി നഗര്‍, മഥുര റോഡ്, ഭാരത് മണ്ഡപം തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് വെള്ളത്തിനടിയിലായി. 

ഭാരത് മണ്ഡപത്തിന്റെ 7ാം നമ്പര്‍ ഗേറ്റിനടുത്ത് വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ ഉച്ചയോടെ തന്നെ യമുനയിലെ ജലനിരപ്പ് അപകടരേഖയോട് അടുത്തു. ഓള്‍ഡ് റെയില്‍വേ പാലത്തിനു സമീപം യമുനയിലെ ജലനിരപ്പ് 205.33 മീറ്റര്‍ വരെ ഉയര്‍ന്നു. വിമാനത്താവളത്തില്‍ നിന്നുള്ള 300ലേറെ സര്‍വീസുകള്‍ വൈകി. അടുത്ത 3 ദിവസത്തേക്കു മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനിറങ്ങിയവരില്‍ ഭൂരിപക്ഷവും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നു ഗതാഗതവകുപ്പും ട്രാഫിക് പൊലീസും മുന്നറിയിപ്പു നല്‍കിയിരുന്നു.

മണ്‍സൂണ്‍ ശക്തമായതോടെ ഡല്‍ഹിയില്‍ കൊതുകുജന്യ രോഗങ്ങള്‍ പടരുന്നു. ഡെങ്കി, മലേറിയ കേസുകള്‍ കൂടിയെന്നാണ് എംസിഡിയുടെ കണക്ക്. ജൂലൈ 28 വരെ 277 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊതുകുനശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ഡെങ്കി, മലേറിയ ബാധിതരുടെ കൃത്യമായ വിവരങ്ങള്‍ ആശുപത്രികളില്‍നിന്ന് ശേഖരിക്കാനും എംസിഡി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

അടുത്തയിടെ 12,000 വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. 1,415 സ്ഥലങ്ങളില്‍ കൊതുകുവളരുന്നുണ്ടെന്നു കണ്ടെത്തി. 939 പേര്‍ക്ക് നോട്ടിസ് നല്‍കി. 209 പേര്‍ക്കെതിരെ നടപടിയെടുത്തു. 5 ലക്ഷം വീടുകളില്‍ ലാര്‍വയെ കൊല്ലാനുള്ള മരുന്നു തളിച്ചു. ഫോഗിങിന് കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം ഐടിഒക്കു സമീപമുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ പരിസരത്ത് കൊതുകുവളരുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ എംസിഡി പരിശോധന നടത്തി. പിന്നാലെ, 50 സ്ഥലങ്ങളില്‍ കൊതുകുനശീകരണ നിര്‍ദേശം പാലിച്ചിട്ടില്ലെന്നു കണ്ടെത്തി. കൊതുകുനശീകരണത്തിനും പ്രതിരോധത്തിനും ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കണമെന്നു മേയര്‍ രാജ ഇഖ്ബാല്‍ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

delhi