/kalakaumudi/media/media_files/n31caP54c0GQdHAf5qN6.jpg)
പട്ന: നിയമസഭയില്‍ പ്രതിപക്ഷ വനിതാ എംഎല്‍എയോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍ജെഡി എംഎല്‍എയോട് 'നിങ്ങള്‍ ഒരു സ്ത്രീയാണ്, നിങ്ങള്‍ക്ക് ഒന്നും അറിയില്ലേ?' എന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം. നിയമസഭാ സമ്മേളനത്തില്‍ ആര്‍ജെഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ബിഹാറിനുള്ള സംവരണത്തിന്റെ കാര്യത്തിലും പ്രത്യേക പദവിയിലും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയര്‍ത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കം കഴിഞ്ഞ മാസം പട്ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിയില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാര്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തെ ശാന്തമാക്കുന്നതിന് നിതീഷ് കുമാറിന്റെ വാക്കുകളൊന്നും ഗുണകരമായില്ല. പ്രസംഗത്തിനിടയില്‍ പ്രതിഷേധം തുടര്‍ന്നപ്പോഴാണ് നിതീഷ് കുമാര്‍ വനിതാ എംഎല്‍എയോട് ക്ഷുഭിതനായത്. ഇതോടെ പ്രതിപക്ഷം പൊട്ടിത്തെറിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കായി തന്റെ സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നിതീഷ് കുമാര്‍ തന്റെ പ്രസംഗം തുടര്‍ന്നു.