'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പുറത്തുള്ള ഇയാള്‍ ആരാണ്? രാജ്യമത് സഹിക്കില്ല': മംദാനിയുടെ കുറിപ്പിനെതിരെ ബിജെപി

ആരെങ്കിലും കുറ്റാരോപിതനെ പിന്തുണയ്ക്കുകയോ, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്താല്‍, രാജ്യം അത് സഹിക്കില്ലെന്നാണ് ഗൗരവ് ഭാട്ടിയ പറഞ്ഞത്.

author-image
Biju
New Update
zohranm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിക്കില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയോട് ബിജെപി. മംദാനി തിഹാര്‍ ജയിലിലുള്ള മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിന് അയച്ച കുറിപ്പിനെതിരെയാണ് വിമര്‍ശനം. ബിജെപിയുടെ ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് രംഗത്തെത്തിയത്. ആരെങ്കിലും കുറ്റാരോപിതനെ പിന്തുണയ്ക്കുകയോ, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്താല്‍, രാജ്യം അത് സഹിക്കില്ലെന്നാണ് ഗൗരവ് ഭാട്ടിയ പറഞ്ഞത്. ഓരോ ഇന്ത്യന്‍ പൗരനും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഗൗരവ് ഭാട്ടിയ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യാന്‍ പുറത്തുനിന്നുള്ളവര്‍ ആരാണ്? അതും ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാന്‍ വേണ്ടിയാണോ? ഇത് ശരിയല്ല. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 140 കോടി ഇന്ത്യക്കാര്‍ നിലകൊള്ളും'- ഗൗരവ് ഭാട്ടിയ പറഞ്ഞു. അതേസമയം ഉമര്‍ ഖാലിദിന് ജാമ്യം നല്‍കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ന്യായവും സമയബന്ധിതവുമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധികള്‍ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയ്ക്ക് കത്തെഴുതി.

രാഹുല്‍ ഗാന്ധി വിദേശ യാത്രകളില്‍ ഇന്ത്യാ വിരുദ്ധ ശക്തികളെയും ഇന്ത്യയുടെ ശത്രുക്കളെയും കണ്ടുമുട്ടുന്നുവെന്നും രാജ്യത്തിനെതിരെ വ്യാജ പ്രചാരണം നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു.