/kalakaumudi/media/media_files/2026/01/01/zohranm-2026-01-01-16-48-57.jpg)
ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ഇന്ത്യന്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാന്‍ മംദാനി. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് മംദാനി അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ന്യൂയോര്‍ക്കിന്റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യന്‍ വംശജനുമായ മംദാനി, തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഉമര്‍ ഖാലിദിന്റെ മാതാപിതാക്കളെ നേരില്‍ കണ്ട ശേഷമാണ് മംദാനി കത്തെഴുതിയിരിക്കുന്നത്.
കത്തില്‍ പറയുന്നത്
കയ്പുള്ള അനുഭവങ്ങള്‍ ഒരാളെ പൂര്‍ണ്ണമായും കീഴടക്കാന്‍ അനുവദിക്കരുത് എന്ന ഉമര്‍ ഖാലിദിന്റെ വാക്കുകളെ താന്‍ എപ്പോഴും ഓര്‍ക്കാറുണ്ടെന്ന് കത്തില്‍ മംദാനി കുറിച്ചു. ഉമറിന്റെ കുടുംബത്തെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങളെല്ലാവരും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. നേരത്തെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമര്‍ ഖാലിദിന്റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി സംസാരിച്ചിരുന്നു.
2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഒരു ചടങ്ങില്‍, വിചാരണ പോലുമില്ലാതെ ആയിരം ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ രചനകള്‍ അദ്ദേഹം വായിച്ചിരുന്നു. വെറുപ്പിനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടങ്കലിലിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് മംദാനി അന്ന് സ്വീകരിച്ചത്.
ഇതേ വിഷയത്തില്‍ എട്ട് അമേരിക്കന്‍ ജനപ്രതിനിധികള്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് മേയറുടെ ഇടപെടലും ഉണ്ടാകുന്നത്. 2020 സെപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി പലതവണ ജാമ്യം നിഷേധിച്ചിരുന്നു. കുടുംബത്തിലെ വിവാഹ ആവശ്യങ്ങള്‍ക്കായി ഡിസംബര്‍ പകുതിയോടെ ചെറിയ കാലയളവില്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉമര്‍ ഖാലിദിന്റെ തടങ്കലിനെച്ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് അമേരിക്കയിലെ പ്രബലനായ രാഷ്ട്രീയ നേതാവിന്റെ ഈ കത്ത് പുറത്തുവരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
