/kalakaumudi/media/media_files/2025/08/05/kashmir-2025-08-05-22-04-11.jpg)
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ജമ്മുവിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 20 മിനിറ്റോളം പാക്ക് വെടിവയ്പ്പുണ്ടായി. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അതിര്‍ത്തിയില്‍ സൈന്യം ജാഗ്രതയിലാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാനിലെ ഭീകര, സൈനിക താവളങ്ങള്‍ സൈന്യം തകര്‍ത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനു ശേഷം ആദ്യമായാണ് പാക്ക് പ്രകോപനം.
ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി.
കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.