കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവി

കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ജോര്‍ജ് ജേക്കബ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ റജിസ്ട്രാര്‍ ഇന്‍ കാര്‍ഡിയോളജി ആന്‍ഡ് ജനറല്‍ മെഡിസിന്‍ ആയിരുന്നു. 1960 മുതല്‍ 64 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജി വിഭാഗം റജിസ്ട്രാര്‍ ആയിരുന്നു

author-image
Biju
New Update
sgdf

Dr.Jeorge Jacob

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധനുമായ കോട്ടയം ഗാന്ധിനഗര്‍ പുള്ളോലിക്കല്‍ ഡോ. ജോര്‍ജ് ജേക്കബ് (94) അന്തരിച്ചു. പാമ്പാടി കോത്തല പുള്ളോലിക്കല്‍ കുടുംബാംഗമാണ്. 

ഭൗതികശരീരം നാളെ വൈകിട്ട് ആറിന് വസതിയില്‍ എത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയില്‍. 1964ല്‍ ജനറല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രഫസറായാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സേവനം ആരംഭിച്ചത്. 1970ല്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചപ്പോള്‍ മേധാവിയും പ്രഫസറുമായി നേതൃത്വം ഏറ്റെടുത്തു. മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.

കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ജോര്‍ജ് ജേക്കബ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ റജിസ്ട്രാര്‍ ഇന്‍ കാര്‍ഡിയോളജി ആന്‍ഡ് ജനറല്‍ മെഡിസിന്‍ ആയിരുന്നു. 1960 മുതല്‍ 64 വരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജി വിഭാഗം റജിസ്ട്രാര്‍ ആയിരുന്നു. 1986ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ശേഷം രണ്ടു പതിറ്റാണ്ടോളം കോട്ടയം കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി പ്രവര്‍ത്തിച്ചു. പ്രമുഖരായ ഒട്ടേറെ ഡോക്ടര്‍മാരുടെ അധ്യാപകന്‍ കൂടിയായ ഡോ. ജോര്‍ജ് ജേക്കബ് മധ്യകേരളത്തിലെ ആദ്യകാല ഹൃദ്രോഗ ചികിത്സാവിദഗ്ധരില്‍ പ്രമുഖനാണ്.

ഭാര്യ: ഡോ. മേരി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജിലെ അനസ്തീസിയ വിഭാഗം മുന്‍ ഡയറക്ടറാണ്. കോട്ടയം വേളൂര്‍ മണപ്പുറം കുടുംബാംഗം. മക്കള്‍: ദീപ ജോര്‍ജ്, ഡോ. തോമസ് ജോര്‍ജ് (കണ്‍സല്‍റ്റന്റ് കാര്‍ഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ഡോ. അനില ജോര്‍ജ് (കണ്‍സല്‍റ്റന്റ് പീഡിയാട്രിഷ്യന്‍, ബോസ്റ്റണ്‍, യുഎസ്). മരുമക്കള്‍: കൊല്ലാട് മുല്ലശേരില്‍ ജോര്‍ജ് പോള്‍ (ബിസിനസ്, ഡല്‍ഹി), വടവുകോട് കാടായത്ത് സ്‌നേഹ തോമസ്, കോട്ടയം തിരുവാതുക്കല്‍ ഡോ. അജിത് തോമസ് (കണ്‍സല്‍റ്റന്റ് ന്യൂറോ സര്‍ജന്‍, യുഎസ്).

 

kottayam medical college kottayam news kottayam medical collage kottayam